പേരൂർക്കട ഇ.എസ്.ഐ ആശുപത്രി കൊവിഡ് സെന്‍ററാക്കുന്നു ; രോഗികള്‍ ദുരിതത്തില്‍ ; പ്രതിഷേധം

 

തിരുവനന്തപുരം : കിടത്തിചികിത്സയ്ക്ക് സൗകര്യമുള്ള സംസ്ഥാനത്തെ ചുരുക്കം ഇ.എസ്.ഐ ആശുപത്രികളിലൊന്നാണ് പേരൂർക്കടയിലേത്. പേരൂർക്കട ഇ.എസ്.ഐ ആശുപത്രി പൂർണമായി കൊവിഡ് സെൻ്റർ ആക്കുമ്പോൾ ദുരിതത്തിലാകുന്നത് സാധാരണക്കാരായ രോഗികളാണ്.  കൊവിഡ് രോഗികൾക്ക് മാത്രമായി ചികിത്സാസൗകര്യങ്ങൾ പരിമിതപ്പെടുത്താൻ ഒരുക്കങ്ങൾ നടക്കുമ്പോൾ പ്രതിഷേധത്തിലാണ് രോഗികള്‍.

നൂറുകണക്കിന് സാധാരണക്കാർ ദിവസവും ആശ്രയിക്കുന്ന പേരൂർക്കട ഇ എസ്.ഐ ആശുപത്രി കൊവിഡ് കെയർ സെൻ്റർ ആവുകയാണ്. ഇതോടെ ദുരിതത്തിലാകുന്നത് സാധാരണക്കാരും. പ്രായമായവർ മുതൽ പിഞ്ചുകുഞ്ഞുങ്ങൾ വരെ ചികിത്സയ്ക്ക് ആശ്രയിക്കുന്ന ആശുപത്രി ഒറ്റയടിക്ക്  കൊവിഡ് സെൻ്ററാകുന്നതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് രോഗികൾ.

കൊവിഡ് ബാധിതർ എത്തിയാൽ പെരുവഴിയിലാകുന്നവരിൽ നിറവയറുള്ള ഗർഭിണികളും പിഞ്ചു കുഞ്ഞുങ്ങളും സർജറിക്കായി കഴിയുന്ന വൃദ്ധരുമൊക്കെയുണ്ട്. അതേസമയം ഇ.എസ്.ഐ ആശുപത്രി കൊവിഡ് സെൻ്ററാക്കിയാൽ കാലാവധി കഴിഞ്ഞ് പോകുന്ന മരുന്നുകളുടെ സ്റ്റോക്ക് ഒരു വശത്ത് മുൻപ് കൊവിഡ് സെൻ്ററാക്കിയപ്പോൾ എക്സ്പയറായ ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകൾ കെട്ടിക്കിടക്കുന്നുണ്ട് മറുവശത്ത്.

ഇ.എസ്.ഐ ആശുപത്രി പൂർണമായും കൊവിഡ് കെയർ സെൻ്ററാക്കുന്നത് പ്രതിഷേധാർഹമാണെന്ന് പൊതുപ്രവർത്തകൻ ഷംസുദീൻ പറയുന്നു. ആശുപത്രിയുടെ പ്രത്യേകഭാഗം മാത്രം കൊവിഡ് രോഗികൾക്കായി മാറ്റിവച്ച് ബാക്കി സൗകര്യങ്ങൾ മറ്റുള്ളവർക്കായി ഉപയോഗിക്കണമെന്നാണ്  രോഗികളുടെ ആവശ്യം.

Comments (0)
Add Comment