പ്രധാനമന്ത്രിയുടെ കേദാര്‍നാഥ് സന്ദര്‍ശനാനുമതി അംഗീകരിക്കാനാവില്ല: മുല്ലപ്പള്ളി

Jaihind Webdesk
Tuesday, May 21, 2019

Mullappally-Ramachandran-18

പ്രധാനമന്ത്രിയുടെ കേദാര്‍നാഥ് യാത്ര വിശ്വാസവുമായി ബന്ധപ്പെട്ടാണെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നും തീവ്രഹിന്ദു ദേശീയത ഉയര്‍ത്തി ഹിന്ദിഹൃദയഭൂമികയില്‍ തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനുള്ള രാഷ്ട്രീയ കപടനാടകമാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

തീവ്രഹിന്ദുത്വം ഉയര്‍ത്തിക്കാട്ടാന്‍ മോദിക്ക് കേദാര്‍നാഥില്‍ പോകാന്‍ അനുമതി നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. പൊതു തെരഞ്ഞെടുപ്പിന്‍റെ ഏഴാംഘട്ടത്തില്‍ ആറു സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്രഭരണപ്രദേശത്തേയും വോട്ടെടുപ്പ് പൂര്‍ത്തിയാകും മുമ്പ് പെരുമാറ്റചട്ടം ലംഘിച്ച് പ്രധാനമന്ത്രിക്ക് കേദാര്‍നാഥില്‍ പോകാന്‍ അനുമതി നല്‍കിയ തെരഞ്ഞെുപ്പ് കമ്മീഷന്‍റെ നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. പ്രധാനമന്ത്രിക്കെതിരായ പ്രസ്താവനകളുടെ പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച വ്യത്യസ്ത നിലപാടിലും സംശയമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

ദേശീയ നേതാക്കളെ ഇതുപോലെ വേട്ടയാടിയ മറ്റൊരു തെരഞ്ഞെടുപ്പിന് മുന്‍പ് ഒരിക്കലും ഉണ്ടായിട്ടില്ല. പണക്കൊഴുപ്പം അധികാരദുര്‍വിനിയോഗവും ഈ തെരഞ്ഞെടുപ്പില്‍ പ്രകടമായി. ഇന്ത്യയെ ഒരു മതാധിഷ്ഠിത ഫാസിസ്റ്റ് രാഷ്ട്രമാക്കാനുള്ള ശ്രമങ്ങള്‍ ആപല്‍ക്കരമാണ്. മഹാത്മാഗാന്ധിജിയുടെയും നെഹ്രുവിന്‍റെയും ദര്‍ശനങ്ങളെ സമന്വയിപ്പിച്ച് പുതിയ ഇന്ത്യ കെട്ടിപ്പടുക്കാനാണ് രാജീവ് ഗാന്ധി പ്രയത്നിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉജ്വല പ്രഭചൊരിയുകയും ചുറ്റും സുഗന്ധം പരത്തുകയും പെട്ടന്ന് കെട്ടുപോകുകയും ചെയ്ത കര്‍പ്പൂര ദീപം പോലെയായിരുന്നു രാജീവ് ഗാന്ധിയുടെ ജീവിതം. 21-ആം നൂറ്റാണ്ടിലേക്ക് ഇന്ത്യയെ നയിക്കാന്‍ പ്രാപ്തനായ നേതാവ്. രാജ്യത്തെ ശാസ്ത്രസാങ്കേതിക പുരോഗതിയിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയ വ്യക്തിത്വം. സാമൂഹ്യ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാന്‍ യത്നിച്ച ക്രാന്തദര്‍ശിയായ ഭരണാധികാരിയാണ് രാജീവ് ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷനായി അദ്ദേഹം നിയമിതനായതു മുതല്‍ അദ്ദേഹത്തോടൊപ്പം അവസാന കാലഘട്ടംവരെ പ്രവര്‍ത്തിക്കാനുള്ള ഭാഗ്യവും തനിക്ക് ലഭിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

രാജീവ് ഗാന്ധിയെ അധിക്ഷേപിക്കുന്നതിലൂടെ രാജ്യത്തിന്‍റെ അഭിമാനത്തെ പ്രധാനമന്ത്രി മോദി വെല്ലുവിളിക്കുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം.സുധീരന്‍ പറഞ്ഞു.

റഫാല്‍ ഇടപാടില്‍ കോടികളുടെ അഴിമതിനടത്തിയ പെരുങ്കള്ളനായ മോദിക്ക് മിസ്റ്റര്‍ ക്ലീനെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച രാജീവ് ഗാന്ധിയുടെ പേര് ഉച്ചരിക്കാന്‍ പോലും യോഗ്യതയില്ലെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് എം.എം.ഹസ്സന്‍ പറഞ്ഞു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ്, മണ്‍വിള രാധാകൃഷ്ണന്‍, എം.എല്‍.എമാരായ കെ.സി.ജോസഫ്, വി.ഡി.സതീശന്‍, വി.എസ്.ശിവകുമാര്‍, കെ.എസ്.ശബരീനാഥന്‍, ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍, തെന്നല ബാലകൃഷ്ണപിള്ള, വി.എം.സുധീരന്‍, എം.എം.ഹസ്സന്‍, എന്‍.ശക്തന്‍, എന്‍.പി.പീതാംബരകുറുപ്പ്, പാലോട് രവി, പന്തളം സുധാകരന്‍, വര്‍ക്കല കഹാര്‍, മണക്കാട് സുരേഷ്, ആര്‍.വത്സലന്‍, കെ.വിദ്യാധരന്‍, കൊറ്റാമം വിമല്‍കുമാര്‍, എം.എ.സലാം തുടങ്ങിയവര്‍ പങ്കെടുത്തു.[yop_poll id=2]