ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം വൈകും. റോഡ് പൊളിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി കിട്ടാത്തതാണ് അറ്റകുറ്റപ്പണി നടത്താൻ കഴിയാത്തത്. പ്രശ്നം പരിഹരിക്കാൻ ഇന്നലെ ആലപ്പുഴയിൽ ചേർന്ന മന്ത്രിതല യോഗം പരാജയപ്പെട്ട സാഹചര്യത്തിൽ അടുത്ത ആഴ്ച തിരുവനന്തപുരത്ത് വീണ്ടും യോഗം ചേരും.
തകഴി ഭാഗത്തെ നിലവാരം കുറഞ്ഞ ഒന്നരകിലോമീറ്റർ പൈപ്പ് മൂന്നുമാസത്തിനുള്ളിൽ പൂർണമായും മാറ്റി സ്ഥാപിച്ച് ശാശ്വതപരിഹാരം കാണാനായിരുന്നു കഴിഞ്ഞ മാസം തിരുവനന്തപുരത്ത് ചേർന്ന മന്ത്രിതല യോഗത്തിൽ തീരുമാനിച്ചത്. എന്നാൽ തിരുവല്ല – അമ്പലപ്പുഴ റോഡ് പൊളിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി കിട്ടിയിട്ടില്ലെന്നാണ് ജല അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്. ഈ സാഹചര്യത്തിൽ ഡിസംബർ 15ന് ആരംഭിക്കേണ്ടിയിരുന്ന പണി വൈകും. ജലവിഭവ- പൊതുമരാമത്ത്-ധനമന്ത്രിമാർ ആലപ്പുഴയിൽ ഇന്നലെ യോഗം ചേർന്നെങ്കിലും തീരുമാനമായില്ല. കരാറുകാരനെ തല്ക്കാലം മാറ്റി നിർത്താനാകില്ലെന്ന നിലപാടിലാണ് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി.
തിരുവനന്തപുരത്തെ മന്ത്രിതല യോഗത്തിൽ തീരുമാനിച്ചത് പോലെ എം.എസ് പൈപ്പ് ഇടാൻ കഴിയില്ല. ഭൂമിശാസ്ത്രപരമായി ഇപ്പോൾ ഇട്ടിരിക്കുന്ന എച്ച്.ഡി.പി.ഇ പൈപ്പ് തന്നെ വാങ്ങേണ്ടിവരും. എം.എസ് പൈപ്പ് വാങ്ങാൻ ഒരു വർഷമെങ്കിലും എടുക്കുമെന്ന് യോഗത്തിൽ ഉദ്യോഗസ്ഥർ അറിയിച്ചു. കുടിവെള്ള പദ്ധതി ആരംഭിച്ച് രണ്ടര വർഷത്തിനുള്ളിൽ 43 തവണയാണ് പൈപ്പ് പൊട്ടുന്നത്. ഓരോ തവണ പൊട്ടുമ്പോഴും ലക്ഷം പേർക്ക് ആലപ്പുഴയിൽ കുടിവെള്ളം മുടങ്ങും. വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും ഇടഞ്ഞ് നിൽക്കുമ്പോൾ പരിഹാരം എന്നുണ്ടാവുമെന്നറിയാതെ ആശങ്കയിലാണ് നാട്ടുകാർ.