പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് വാഹനങ്ങൾ കൂടി കണ്ടെത്തി. അറസ്റ്റിലായ ഗിജിനും അച്ഛനും ഉപയോഗിച്ചിരുന്ന വാഹനങ്ങളാണ് കണ്ടെത്തിയത്. ക്രൈംബ്രാഞ്ചും ഫോറൻസിക് സംഘവും വാഹനങ്ങൾ പരിശോധിച്ചു.
ഇരട്ടക്കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തിയ സ്ഥലത്തിനടുത്തുള്ള കണ്ണാടിപ്പാറയിൽ നിന്നാണ് രണ്ട് വാഹനങ്ങൾ കണ്ടത്തിയത്. ഒരു സ്വിഫ്റ്റ് ഡിസയർ കാറും ഇന്നോവയും ഒരു ജീപ്പുമാണ് വിജനമായ പ്രദേശത്ത് നിന്ന് കണ്ടെത്തിയത്. സ്വിഫ്റ്റ് കാർ അറസ്റ്റിലായ ഗിജിന്‍റെയും ഇന്നോവയും ജീപ്പും ഗിജിന്‍റെ അച്ഛൻ ശാസ്ത ഗംഗാധരന്‍റെയുമാണ്. ക്രൈംബ്രാഞ്ച് സംഘവും ഫോറൻസിക് സംഘവും വാഹനങ്ങൾ പരിശോധിച്ചു. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷം വാഹനങ്ങൾ ഇവിടെയെത്തിച്ചതാണോ എന്നും സംശയമുണ്ട്. സ്വിഫ്റ്റ് കാർ പ്രതികൾ സംഭവസമയത്ത് ഉപയോഗിച്ചതാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർ ആരും കസ്റ്റഡിയിലില്ലെന്നും
കൊലപാതകം നടന്ന ഉടനെ പ്രതികൾ വിളിച്ചത് സി.പി.എം നേതാവ് മണികണ്ഠനെയാണെന്നും ഇയാളുടെ ഫോണിലെ കോൾ റെക്കോര്‍ഡ് പരിശോധിക്കേണ്ടതുണ്ടെന്നും മുൻ ഡി.സി.സി. പ്രസിഡന്‍റ് അഡ്വ സി.കെ ശ്രീധരൻ ജയ്ഹിന്ദ് ന്യൂസി നോട് പറഞ്ഞു. സി.ബി. ഐ. അന്വേഷണത്തിലൂടെ മാത്രമേ യഥാർഥ പ്രതികളെ കണ്ടെത്താൻ കഴിയുകയുള്ളൂവെന്നും ശ്രീധരൻ പറഞ്ഞു.