പെരിയ ഇരട്ടക്കൊല : പ്രതിയുടെ കാണാതായ ബൈക്ക് കണ്ടെത്തി

Jaihind Webdesk
Thursday, August 12, 2021

കാസർകോട് :  പെരിയ ഇരട്ടക്കൊലപാതക കേസിൽ ക്രൈംബ്രാഞ്ച് പിടികൂടി ബേക്കൽ സ്റ്റേഷനിൽ എൽപ്പിച്ച ബൈക്ക് ഒടുവിൽ കണ്ടെത്തി. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടില്‍ നിന്നാണ് കേസിലെ എട്ടാം പ്രതി സുബീഷിൻ്റെ ബൈക്ക് കണ്ടെത്തിയത്.

2019 മെയ് 17ന് ക്രൈംബ്രാഞ്ച് പിടികൂടി കോടതിയിൽ ഹാജരാക്കി ബേക്കൽ പൊലീസിൻ്റെ സേഫ് കസ്റ്റഡിയിൽ നൽകിയ ബൈക്ക് ഏറ്റെടുക്കാൻ സിബിഐ സംഘം എത്തിയപ്പോൾ ലഭിച്ചിരുന്നില്ല. ഇത് മാധ്യമങ്ങളിൽ വാർത്തയായതോടെ വൻ വിവാദത്തിന് തിരികൊളുത്തുകയും യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ബേക്കൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയും ചെയ്തതോടെ പൊലീസും ക്രൈംബ്രാഞ്ചും രണ്ട് തട്ടിലായിരുന്നു.  എന്നാൽ കഴിഞ്ഞ ദിവസം ഹൊസ്ദുർഗ്ഗ് പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ വാഹനം കണ്ടെത്തിയതിൽ ദുരൂഹത ഏറുന്നു കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി തൊണ്ടി മുതൽ മാറ്റിയതാകാനാണ് സാധ്യത.