കാസർഗോഡ് : പെരിയ ഇരട്ടക്കൊലപാതക കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സി.ബി.ഐ സംഘം ഏച്ചിലടുക്കം സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലെ രേഖകള്‍ കസ്റ്റഡിയിലെടുത്തു. കൊലപാതകം നടന്ന കല്യാട്ടിന് സമീപമാണ് ഏച്ചിലടുക്കം ബ്രാഞ്ച് ഓഫീസ്. ഡി.വൈ.എസ്.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് റെയ്‌ഡ് നടന്നത്. കൊലപാതകത്തിന് ശേഷം ഏറെ നാളായി അടച്ചിട്ടിരുന്ന ഓഫീസ് പാർട്ടി ഭാരവാഹികളെ വിളിച്ചു വരുത്തി തുറപ്പിച്ചായിരുന്നു പരിശോധന. മിനുട്‌സ് അടക്കമുള്ള രേഖകളാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുന്നതിന് മുന്‍പ് കേസിലെ മുഖ്യ പ്രതിയായ പീതാംബരനും സംഘവും ഏച്ചിലടുക്കം ബ്രാഞ്ച് ഓഫീസില്‍ ഗൂഢാലോചന നടത്തിയെന്ന് കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം വിശദമായി ഇത് അന്വേഷിച്ചിരുന്നില്ല. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് സി.പി.ഐ.എം ബ്രാഞ്ച് ഓഫീസിലെ മിനുട്‌സും മറ്റ് രേഖകളും സി.ബി.ഐ സംഘം കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൊലപാതകം നടന്ന ദിവസത്തെ ബ്രാഞ്ച് യോഗത്തിന്‍റെ വിശദാംശങ്ങള്‍ മിനുട്‌സില്‍ നിന്നും ലഭ്യമാകുമെന്നാണ് സി.ബി.ഐയുടെ കണക്കുകൂട്ടല്‍. ഫോണ്‍ വിളികളെ കേന്ദ്രീകരിച്ച പരിശോധനയില്‍ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി രേഖകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനുള്ള തീരുമാനം.
2018 ഫെബ്രുവരി 17 നാണ് കാസർഗോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനെയും സിപിഎം പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയത്. ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് ഇരുവരും മരിച്ചത്. കൊലപാതകത്തിന് പിന്നില്‍ സി.പി.എമ്മിലെ ചില ഉന്നതർ ഇടപെട്ടിട്ടുണ്ടെന്ന ആരോപണമാണ് കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബങ്ങള്‍ പ്രധാനമായും ഉന്നയിക്കുന്നത്. ചട്ടഞ്ചാലിലെ സി.പി.എം ഉദുമ ഏരിയ കമ്മിറ്റി ഓഫീസിലും ഉദുമയിലെ പഴയ ഏരിയാ കമ്മിറ്റി ഓഫീസിലും സി.ബി.ഐ സംഘം കഴിഞ്ഞ മാസം പരിശോധന നടത്തിയിരുന്നു.