പെരിയ പഞ്ചായത്ത് യുഡിഎഫിനൊപ്പം ; എല്‍ഡിഎഫില്‍ നിന്നും പിടിച്ചെടുത്തു

Jaihind News Bureau
Wednesday, December 16, 2020

 

കാസര്‍കോട് : ഇരട്ടക്കൊലപാതകം നടന്ന പുല്ലൂര്‍ പെരിയ പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞതവണ എല്‍ഡിഎഫിനൊപ്പമായിരുന്നു. കല്ല്യോട്ട് വാര്‍ഡിലും യുഡിഎഫിനായിരുന്നു വിജയം. 17 സീറ്റുകളില്‍ 9 സീറ്റ് നേടിയാണ് യുഡിഎഫ് വിജയമുറപ്പിച്ചത്.

കഴിഞ്ഞ തവണ നാല് സീറ്റ് ഉണ്ടായിരുന്നതില്‍ നിന്ന് അഞ്ച് സീറ്റ് അധികം നേടിയാണ് യു.ഡി.എഫ് വിജയം. എല്‍.ഡി.എഫ്.-ഏഴ്, ബി.ജെ.പി.-ഒന്ന്. എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ സീറ്റ് നില. കൊലചെയ്യപ്പെട്ട ശരത്ലാല്‍, കൃപേഷ് എന്നിവരുടെ വാര്‍ഡായ കല്യോട്ടും എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫ് തിരിച്ചുപിടിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ആർ.രതീഷ് 365 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്.   ഇത് കൂടാതെ കൂടാനം, കൊടവലം എന്നീ വാര്‍ഡുകളിലും യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികളെ തോല്‍പ്പിച്ചു. 2010-ല്‍ യു.ഡി.എഫ്. വിജയിച്ച പഞ്ചായത്ത് 2015-ലാണ് എല്‍.ഡി.എഫ് തിരിച്ചു പിടിച്ചത്.

2019 ഫെബ്രുവരി 17 ന് രാത്രി 7.45നാണ് കാസർകോട് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് (21), ശരത്‌ലാൽ (24) എന്നിവരെ ബൈക്ക് തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം ഏരിയ, ലോക്കൽ സെക്രട്ടറിമാരും പാർട്ടി പ്രവർത്തകരും അനുഭാവികളും ഉൾപ്പെടെ 14 പേരാണ് പ്രതികൾ. സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരനാണ് ഒന്നാം പ്രതി.