യൂത്ത് കോണ്‍ഗ്രസുകാരുടെ കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിന്; മേല്‍നോട്ടം ഐ.ജി ശ്രീജിത്ത്

Jaihind Webdesk
Thursday, February 21, 2019

കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി സര്‍ക്കാര്‍ ഉത്തരവിട്ടു. പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ കുടുംബം ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുമ്പോഴാണ് ഈ നടപടി. ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണ സംഘത്തിന്റെ മേല്‍നോട്ട ചുമതല. അന്വേഷണ സംഘത്തെ ഐജി നിശ്ചയിക്കും.

കാസര്‍കോട് പെരിയ ഇരട്ടക്കൊല കേസില്‍ അഞ്ച് പേരുടെ അറസ്റ്റ് കൂടി പൊലീസ് രേഖപ്പെടുത്തി. കേസ് അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ കസ്റ്റഡിയിലെടുത്ത അഞ്ച് പേരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്.
എച്ചിലടുക്കം സ്വദേശികളായ കെ എം സുരേഷ്, കെ അനില്‍ കുമാര്‍, കുണ്ടംകുഴി സ്വദേശി അശ്വിന്‍, കല്ലിയോട്ട് സ്വദേശികളായ ശ്രീരാഗ്,ഗിജിന്‍ എന്നിവരുടെ അറസ്റ്റാണ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഇരട്ടക്കൊല കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. സിപിഎം ലോക്കല്‍ സെക്രട്ടറി പീതാംബരന്‍, കൊലയാളി സംഘത്തിന് സഞ്ചരിക്കാനുള്ള കാര്‍ തയ്യാറാക്കിയ സജി ജോര്‍ജ് എന്നിവരുടെ അറസ്റ്റ് നേരത്തെ തന്നെ അന്വേഷണം രേഖപ്പെടുത്തിയിരുന്നു.