പെരിയ ഇരട്ടക്കൊല: പ്രതികളെ രക്ഷിക്കാന്‍ ആസൂത്രിത നീക്കം; കുറ്റപത്രത്തില്‍ ഗുരുതര പിഴവുകള്‍

Jaihind Webdesk
Saturday, June 8, 2019

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷിച്ച് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രാഥമിക വിവരങ്ങളില്‍ പോലും ഗുരുതര പിഴവുകള്‍. ഇത് സി.പി.എം പ്രവര്‍ത്തകരായ പ്രതികളെ രക്ഷിക്കാനുള്ള ആസൂത്രിത നീക്കമെന്ന് സംശയം. ഒന്നാം പ്രതി പീതാംബരന്‍ സി പി എം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറിയും പെരിയ ഏരിയ കമ്മിറ്റി അംഗവുമാണെന്നാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ പെരിയയില്‍ ഏരിയ കമ്മിറ്റിയില്ല. പെരിയ ലോക്കല്‍ കമ്മിറ്റി അംഗം മാത്രമാണ് പീതാംബരന്‍.

കൊലപാതകത്തിനു പിന്നാലെ പീതാംബരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.
മെയ് 20ന് രാവിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി പി എം പ്രദീപ് ആണ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ആയിരം പേജുള്ളതാണ് കുറ്റപത്രം. കഴിഞ്ഞ ദിവസം മൂന്ന് പ്രതികള്‍ക്ക് കുറ്റപത്രത്തിന്റെ പകര്‍പ്പ് കൈമാറിയതോടെയാണ് തെറ്റുവിവരങ്ങള്‍ പുറത്തുവന്നത്.
കേസിലെ 13-ാം പ്രതി സി പി എം പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍, 14-ാം പ്രതി ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍ എന്നിവരും ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന എട്ടാം പ്രതി പാക്കം വെളുത്തോളിയിലെ എ സുബീഷുമാണ് കോടതിയില്‍ ഹാജരായി കുറ്റപത്രത്തിന്റെ പകര്‍പ്പ് കൈപ്പറ്റിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മറ്റു പ്രതികളെ 20ന് ഹാജരാക്കാന്‍ കോടതി ജയിലധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.