പെരിയയില്‍ സിബിഐക്ക് വഴങ്ങി സർക്കാർ ; ക്യാമ്പ് ഓഫീസ് അനുവദിച്ച് ഉത്തരവായി

Jaihind News Bureau
Friday, December 25, 2020

 

കാസര്‍കോട് : പെരിയയില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കൊലപാതകക്കേസ് അന്വേഷിക്കാനെത്തിയ സിബിഐ സംഘത്തിന്  ക്യാമ്പ് ഓഫീസ് അനുവദിച്ചുകൊണ്ട്  ഉത്തരവായി. വാഹനവും ക്യാമ്പ് ഓഫീസും ആവശ്യപ്പെട്ടുകൊണ്ട് സിബിഐ സർക്കാരിന് നൽകിയ അപേക്ഷ ആദ്യം നിരസിച്ചിരുന്നു. എന്നാൽ സിബിഐ തിരുവനന്തപുരം യൂണിറ്റ് സൂപ്രണ്ട് നന്ദകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ ആഴ്ച പെരിയയിലെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ്  ക്യാമ്പ് ഓഫീസ് അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്.

വാഹനം വേണമെന്ന സിബിഐ സംഘത്തിന്‍റെ ആവശ്യം സർക്കാർ പരിഗണനയിലാണ്. സംഭവത്തിലെ ദൃക്സാക്ഷികളെ ഉള്‍പ്പെടെ സിബിഐ വിളിച്ചുവരുത്തിയാണ് കൊലപാതക പുനരാവിഷ്‌ക്കരണം നടത്തിയത്. ശരത് ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കളോട് സിബിഐ സംഘം വിവരം ശേഖരിച്ചിരുന്നു. കൊല നടന്ന ദിവസത്തെ മുഴുവന്‍ സംഭവങ്ങളും സിബിഐ പുനരാവിഷ്‌ക്കരിച്ച് തെളിവുകൾ ശേഖരിച്ചുവരികയാണ്. സിബിഐ അന്വേഷണം യഥാർത്ഥ പ്രതികളെ പിടികൂടാന്‍ സഹായിക്കുമെന്ന ഉറച്ച വിശ്വസത്തിലാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ.