പെരിങ്ങമ്മല മാലിന്യപ്ലാന്‍റിനെതിരെ ജനരോഷം ശക്തം; പ്രദേശവാസികള്‍ നിയമസഭാ മാര്‍ച്ച് നടത്തി

പെരിങ്ങമ്മലയിലെ മാലിന്യ നിർമാർജന പ്ലാന്‍റ് സ്ഥാപിക്കുന്നതിനെതിരെ ജനരോഷം ശക്തമായി. പ്ലാന്‍റ് നിർമിക്കുന്നതിൽ നിന്നും സർക്കാർ നിലപാട് മാറ്റണമെന്നാവശ്യപ്പെട്ട് പെരിങ്ങമല സംരക്ഷണ സമിതി നിയമസഭാ മാർച്ച് നടത്തി. പ്രദേശവാസികളുടെ നേതൃത്വത്തിൽ 46 കിലോമീറ്റർ നടന്നെത്തിയ മാർച്ച് നിയമസഭയ്ക്ക് മുന്നിൽ പോലീസ് തടഞ്ഞു. ആയിരക്കണക്കിന് ജനങ്ങളാണ് മാർച്ചിൽ പങ്കെടുത്തത്.

വിളപ്പിൽശാല മാലിന്യ പ്ലാന്‍റിനെതിരെ തലസ്ഥാനത്ത് ഉയർന്ന ജനകീയ സമരത്തിന്‍റെ
അലയൊലികൾ ജനമനസുകളിൽ നിന്നും മായുന്നതേയുള്ളു. അപ്പോഴാണ് അതേ ആവശ്യങ്ങൾ ഉയർത്തി പെരിങ്ങമല പ്ലാന്‍റ് നിർമാണത്തിനെതിരെ ശബ്ദമുയർത്തി ജനങ്ങൾ രംഗത്തെത്തിയിരിക്കുന്നത്.

https://www.youtube.com/watch?v=k69WnrGSRGQ

പ്ലാന്‍റ് നിർമിക്കുന്നതിൽ നിന്നും സർക്കാർ നിലപാട് മാറ്റണമെന്നാവശ്യപ്പെട്ട്
പെരിങ്ങമല പഞ്ചായത്തിന് മുന്നിൽ നിന്നും 46 കിലോമീറ്റർ കാൽനടയായി നിയമസഭയ്ക്ക് മുന്നിലേക്ക് ആയിരക്കണക്കിന് പ്രദേശവാസികളാണ് എത്തിയത്.

മാലിന്യ നിർമാർജന പ്ലാന്‍റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ഉന്നയിച്ചു. അതീവ പാരിസ്ഥിതിക ദുർബല പ്രദേശത്ത് പ്ലാന്‍റ് സ്ഥാപിക്കരുതെന്നും മന്ത്രി സ്ഥലം സന്ദർശിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എന്നാൽ പ്ലാന്‍റ് നിർമിക്കുന്നതിൽ നിന്നും പിന്നോട്ടില്ലെന്നും പരിസ്ഥിതിക്കും ജനങ്ങൾക്കും ദോഷമുണ്ടാകാത്ത തരത്തിലുള്ള പ്ലാന്‍റാകും സ്ഥാപിക്കുകയെന്നുമാണ് തദ്ദേശ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ മറുപടി നൽകിയത്. വിഷയത്തിൽ ജനരോഷം കനത്തതോടെ സർക്കാർ ഇനി എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് കണ്ടറിയണം.

peringammala waste treatment plantassembly march
Comments (0)
Add Comment