പേരാവൂർ ചിട്ടി തട്ടിപ്പ്: സെക്രട്ടറിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും; സ്വത്ത് ബന്ധുവിന്‍റെ പേരിലേക്ക് മാറ്റാനുള്ള നീക്കം പാളി

 

കണ്ണൂർ : സിപിഎം നിയന്ത്രണത്തിലുള്ള പേരാവൂർ ഹൗസ് ബിൽഡിംഗ് സൊസൈറ്റിയിലെ ചിട്ടി തട്ടിപ്പിൽ ഇന്ന് സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തും. അസിസ്റ്റന്‍റ് രജിസ്ട്രാർ ഓഫീസിൽ 2 മണിക്ക് ഹാജരാകാനാണ് നോട്ടീസ് നൽകിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് തവണ നോട്ടീസ് നൽകിയപ്പോഴും പിവി ഹരിദാസ് ഹാജരായിരുന്നില്ല.

അതേസമയം സഹകരണ വകുപ്പ് കണ്ടുകെട്ടുമോ എന്ന ഭയത്തിൽ തന്‍റെ സ്വത്ത് അടുത്ത ബന്ധുവിന്‍റെ പേരിലേക്ക് മാറ്റാൻ ഇന്നലെ ഇയാൾ നീക്കം നടത്തിയിരുന്നു. പിവി ഹരിദാസ് ആദ്യം വില്ലേജ് ഓഫീസിലെത്തി തണ്ടപ്പേര് ഉൾപ്പെടെയുള്ള രേഖകൾ കരസ്ഥമാക്കി. പിന്നീട് പേരാവൂർ സബ് രജിസ്ട്രാർ ഓഫീസിലെത്തി. അപ്പോഴേക്കും സമരക്കാർ ഈ വിവരം അറിഞ്ഞ് ഇത് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു.

സ്വത്തുവകകൾ ക്രയവിക്രയം ചെയ്യാൻ അനുവദിക്കരുതെന്ന് കാട്ടി ജോയിന്‍റ് രജിസ്ട്രാർ, ജില്ലാ രജിസ്ട്രാർക്ക് എന്നിവർക്ക് കത്ത് നൽകി. സൊസൈറ്റിയിൽ ക്രമക്കേട് കണ്ടെത്തിയതിനാൽ സെക്രട്ടറിയുടെ സ്വത്ത് മാറ്റാന്‍ അനുവദിക്കില്ലെന്ന് ജോയിന്‍റ് രജിസ്ട്രാർ പ്രതികരിച്ചു. ഈ കത്ത് വൈകുന്നേരത്തോടെ പ്രത്യേക ദൂതൻ മുഖാന്തരം പേരാവൂർ സബ് രജിസ്ട്രാർ ഓഫീസിലെത്തിച്ചതോടെ സെക്രട്ടറിയുടെ നീക്കം പെളിയുകയായിരുന്നു.

Comments (0)
Add Comment