പേരാമ്പ്ര പള്ളി ആക്രമണം: പ്രതികളെ പിടികൂടാതെ പോലീസ്

Jaihind News Bureau
Tuesday, January 22, 2019

പേരാമ്പ്ര ജുമാഅത്ത് പള്ളിക്ക് നേരെ ആക്രമണം നടത്തിയ കേസില്‍ പ്രതികളെ പിടികൂടാത്ത പോലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തം. ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് അറസ്റ്റ് ചെയ്ത സിപിഎം നേതാവാകട്ടെ, മണിക്കൂറുകള്‍ക്കകം ജാമ്യത്തിലിറങ്ങി. പോലീസ് – സിപിഎം ഒത്തുകളിക്കെതിരെ പള്ളിക്കമ്മിറ്റിയും, മുസ്ലീംലീഗും പ്രത്യക്ഷ സമരപരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ്.

ഇക്കഴിഞ്ഞ മൂന്നാം തീയതി രാത്രി 7 മണിയോടെയാണ് പേരാമ്പ്രയില്‍ ജുമാഅത്ത് പള്ളിക്ക് നേരെ കല്ലേറുണ്ടായത്. യൂത്ത്‌കോണ്‍ഗ്രസ് പ്രകടനത്തിനുനേരെ കല്ലേറ് നടത്തിയ സിപിഎം ഡിവൈഎഫ്‌ഐ അക്രമികള്‍ ജുമാഅത്ത് പള്ളിക്കുനേരേയും, മുസ്ലീംലീഗ് ഒഫീസിനുനേരെയും ആക്രമണം നടത്തി. പരാതിയെതുടര്‍ന്ന്, പള്ളിയാക്രമിച്ച് വര്‍ഗീയ ലഹളയുണ്ടാക്കാന്‍ ശ്രമിച്ച കേസില്‍ സിപിഎം നേതാക്കളെ കൂടാതെ കണ്ടാലറിയാവുന്ന 20പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറി അതുല്‍ദാസ് അറസ്റ്റിലായെങ്കിലും, 48മണിക്കൂറിനകം ജാമ്യത്തിലിറങ്ങി.

പിന്നാലെ പോലീസിനെ വിരട്ടിയും പ്രതികളെ ന്യായീകരിച്ചും മന്ത്രി ഇപി ജയരാജനും, ജില്ലാസെക്രട്ടറി പി മോഹനനും രംഗത്തെത്തി. ഇതോടെ മറ്റ് പ്രതികളെ അറസ്റ്റു ചെയ്യാതെ പോലീസും പിന്‍വാങ്ങി. 18 ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്ത പോലീസ് നടപടിക്കെതിരെ നാട്ടുകാരിലും പള്ളിക്കമ്മിറ്റിയിലും പ്രതിഷേധം ശക്തമാണ്.
പോലീസ് സിപിഎമ്മിന്റെ വാലായി മാറിയെന്നും, പ്രതികളെ ഉടന്‍ പിടികൂടി സമാധാനം പുനസ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചുള്‍പ്പടെയുള്ള പ്രതിഷേധ പരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ് മുസ്ലിംലീഗും, പള്ളിക്കമ്മിറ്റിയും..

https://youtu.be/PEa-i9uEAVw