പിണറായി മാധ്യമങ്ങളെ വിലയ്ക്കെടുക്കുന്നു ; ആസൂത്രിതമായ സർവേകളിലൂടെ തകർക്കാനാവില്ല ; ജനങ്ങള്‍ യുഡിഎഫിനൊപ്പം : രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, March 21, 2021

 

തിരുവനന്തപുരം : തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പുറത്തുവരുന്ന ആസൂത്രിത സർവേകള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ വോട്ടർമാരിൽ ഒരു ശതമാനം പോലും പങ്കെടുക്കാത്ത സർവേകളാണിത്. കോടികള്‍ വാരിയെറിഞ്ഞ് മാധ്യമങ്ങളെ വിലയ്ക്ക് എടുക്കുന്ന നരേന്ദ്ര മോദിയുടെ അതേ രീതിയാണ് പിണറായിയും പിന്തുടരുന്നത്. ഈ സർവേകളെയെല്ലാം തിരസ്കരിക്കുന്നതായും  ജനങ്ങള്‍ യുഡിഎഫിനൊപ്പമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിനെ തകർക്കാന് വേണ്ടി ഇതുപോലുള്ള സർവേകൾ നടന്നിരുന്നു. പക്ഷേ ഫലം വന്നപ്പോൾ ആരെയും കാണാനുണ്ടായിരുന്നില്ല. 20 ൽ 19 ഉം നേടി യുഡിഎഫ് വമ്പിച്ച വിജയം നേടി. അന്ന് ഈ അഭിപ്രായ സർവേകൾ പറഞ്ഞത് ഇടതുമുന്നണിക്ക് 12-15 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ്. ഒരു സീറ്റ് മാത്രമാണ് അവർക്ക് കിട്ടിയത്. ശശി തരൂർ തോൽക്കും എന്നായിരുന്നു പ്രവചനം. 1 ലക്ഷത്തോളം വോട്ടുകൾക്കാണ് തരൂർ ജയിച്ചത്. വി.കെ ശ്രീകണ്ഠൻ മൂന്നാം സ്ഥാനത്ത് എന്നായിരുന്നു സർവെ. അദ്ദേഹം ഇന്ന് പാലക്കാട് എംപിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആസൂത്രിതമായ നീക്കമാണ് സർവേയ്ക്ക് പിന്നിൽ. കേരളത്തിലെ വോട്ടർമാരിൽ ഒരു ശതമാനം പോലും പങ്കെടുക്കാത്ത സർവേകളാണ് നടക്കുന്നത്. ജനങ്ങളുടെ ബോധ്യത്തെ അട്ടിമറിക്കാനുള്ള ശ്രമം. അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരിനെ വെള്ളപൂശാനായി കോടികളാണ് പരസ്യത്തിനായി ചെലവഴിച്ചത്. ഈ പരസ്യത്തിന്‍റെ ഉപകാരസ്മരണയാണ് ചില മാധ്യമങ്ങളിലെ സർവേകളെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ ഒത്തുതീർപ്പിന് വഴങ്ങേണ്ടിവരുന്നു. മോദിയുടെ രീതിയിൽ പിണറായിയും മാറുന്നു. കോടികൾ വാരിയെറിഞ്ഞ് മാധ്യമങ്ങളെ വിലക്കെടുക്കുന്നു.  പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളുടെ മുന്നില്‍ സർക്കാരിന് മുട്ടുമടക്കേണ്ടിവന്നു. ഹീന തന്ത്രങ്ങളാണ് യുഡിഎഫിനെതിരെ പയറ്റുന്നത്. അഭിപ്രായ പർവേയിലൂടെ പ്രതിപക്ഷത്തെ തകർക്കാമെന്നത് വ്യാമോഹമാണ്. ഭരണകക്ഷിക്ക് വേണ്ടി കുഴലൂത്ത് നടത്തുന്ന രീതിയിലേക്ക് മാധ്യമങ്ങൾ മാറുന്നത് ശരിയല്ല. ഇത് എന്ത് മാധ്യമധർമമാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

ഗുജറാത്തിലെ പത്രത്തിൽ പോലും കേരള സർക്കാരിന്‍റെ പരസ്യമുണ്ട്. ജനവിരുദ്ധ സർക്കാരിനെ വെള്ളപൂശാൻ കേരളത്തിലെ പത്രങ്ങൾക്ക് എന്ത് ധർമ്മം. കേരളത്തിലെ പ്രതിപക്ഷത്തിന് ന്യായമായി ലഭിക്കേണ്ട ഒരു പരിഗണനയും ലഭിക്കുന്നില്ലെന്നത് ജനം അറിയണം. ജനം യുഡിഎഫിനൊപ്പമാണ്. വരാൻ പോകുന്ന തെരഞ്ഞെടുപ്പിലും അതുണ്ടാകും. ജനഹിതം അട്ടിമറിക്കാൻ വേണ്ടി അഭിപ്രായ സർവേകളെ ദുരുപയോഗപ്പെടുത്തുന്ന കാഴ്ചകളാണ് കാണാനാകുന്നതെന്നും ഇത്തരം സർവേകളെ പൂർണമായും തമസ്കരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

https://www.facebook.com/JaihindNewsChannel/videos/1677203409153179