ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടായില്ല; വിഴിഞ്ഞം ട്രയല്‍ റണ്ണില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

 

തിരുവനന്തപുരം: ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാകാത്ത സാഹചര്യത്തില്‍ വിഴിഞ്ഞം ട്രയല്‍ റണ്ണില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍ എംപി. താന്‍ തുറമുഖ പദ്ധതിയ്ക്ക് ശക്തമായ പിന്തുണ നല്‍കുന്നയാളാണെന്ന് പറഞ്ഞ ശശി തരൂര്‍ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളില്‍ പുരോഗതിയുണ്ടായില്ലെന്നും കൂട്ടിച്ചേര്‍ത്തു. നഷ്ടപരിഹാരവും പുനരധിവാസവും സംബന്ധിച്ച കാര്യങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്നും തരൂര്‍ വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പാലിച്ചില്ലെന്നും തരൂര്‍ ആരോപിച്ചു.

വിഴിഞ്ഞത്തേക്കുള്ള ആദ്യ ചരക്ക് കപ്പലായ മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാണ്ടോ വിഴിഞ്ഞം തീരത്തെത്തി. കപ്പലിനെ വാട്ടര്‍ സല്യൂട്ട് നല്‍കി വരവേറ്റു. ചെണ്ടമേളം ഉള്‍പ്പെടെയുള്ള സ്വീകരണമാണ് സാന്‍ ഫെര്‍ണാണ്ടോ കപ്പലിനായി നാട്ടുകാര്‍ ഒരുക്കിയിരുന്നത്. ട്രയല്‍ റണ്‍ നാളെയാണ് നിശ്ചയിച്ചിരിക്കുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയാണ് മെസ്‌കിന്‍റെ ചാറ്റേഡ് മദര്‍ഷിപ്പ്. 110 ലധികം രാജ്യങ്ങളില്‍ കാര്‍ഗോ സര്‍വീസ് നടത്തുന്ന ഡാനിഷ് കമ്പനിയാണ് മെസ്‌ക്.

1930 കണ്ടെയ്‌നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ജൂലൈ രണ്ടിന് ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പല്‍ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തിയത്. ട്രാന്‍സ്ഷിപ്പ്‌മെന്‍റ് എന്ന നിലയിലാണ് തുറമുഖം വിഭാവനം ചെയ്തിരിക്കുന്നത്. മദര്‍ഷിപ്പിലെത്തുന്ന കാര്‍ഗോ പോര്‍ട്ടിലിറക്കുകയും അത് മറ്റ് രാജ്യങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും പോകുന്നതുമാണ് ഒന്നാം ഘട്ടം. മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ രാജ്യത്തിന്‍റെ ഇറക്കുമതി, കയറ്റുമതിയുടെ നല്ലൊരു ഭാഗവും വിഴിഞ്ഞം വഴിയാവുകയും ഇതോടെ തുറമുഖത്തിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ വികസിക്കുകയും ആവശ്യമുള്ള കാര്‍ഗോ, റെയില്‍ -റോഡ് അടക്കമുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യും.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാകുമ്പോൾ, നമ്മൾ ഓർക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം നമ്മൾ തീരദേശ വാസികൾക്ക് കൊടുത്ത വാഗ്ദാനങ്ങളാണ് – നഷ്ടപരിഹാരം, പുനരധിവാസം, കടൽഭിത്തികളും ഗ്രോയിനുകളും നിർമ്മിച്ച് തീരദേശ മണ്ണൊലിപ്പ് ഫലപ്രദമായി തടയുമെന്ന വാഗ്ദാനങ്ങൾ – ഈ വാഗ്ദാനങ്ങൾ ഒന്നുമിതുവരെ നടപ്പാക്കിയില്ല. ഇത് തുറമുഖത്തിന്‍റെ വരവ് പ്രതികൂലമായി ബാധിച്ചവർക്ക് ലഭിക്കേണ്ടതുണ്ട്. അതിനാൽ, ഈ ട്രയൽ റണ്ണിന്‍റെ തുടക്കം കുറിക്കുമ്പോൾ, ഈ വർഷാവസാനത്തോടെ തുറമുഖം ഔപചാരികമായി കമ്മീഷൻ ചെയ്യപ്പെടുമ്പോഴേക്കും തീരദേശത്തോടുള്ള നമ്മുടെ വാഗ്ദാനങ്ങൾ നിറവേറ്റാൻ കഴിയുമെന്ന പ്രതീക്ഷയോടെ അത് നിറവേറ്റാൻ പരിശ്രമിച്ചുകൊണ്ട് നമുക്ക് ഈ പദ്ധതിയെ വരവേൽക്കാം.

 

Comments (0)
Add Comment