ആംഡ് പൊലീസ് – എം.ടെക്ക് എം.ബി.എ

Jaihind Webdesk
Saturday, November 17, 2018

Kerala-Police-1

പൊലീസിന് എന്ത് എം.ടെക്ക് എം.ബി.എ എന്നോർത്ത് നെറ്റി ചുളിക്കാൻ വരട്ടെ. പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങിയ കേരളാ ആംഡ് പൊലീസിന്‍റെ മൂന്നാം ബറ്റാലിയനിലെയും അഞ്ചാം ബറ്റാലിയനിലെയും ചിലരാണ് പൊലീസിനും ഈ വിശേഷണങ്ങൾ ചാര്‍ത്തിക്കൊടുത്തത്. പരിശീലനം പൂർത്തിയാക്കിയ 551 പേരിൽ 16 പേർ എം.ബി.എ ബിരുദധാരികൾ. ഒരാൾക്ക് എം.ടെക്ക് ബിരുദം. 21 പേർക്ക് ബി.ടെക്കും രണ്ടുപേർ എം.സി.എക്കാരും രണ്ട് പേർ എം.എസ്.ഡബ്ല്യു ബിരുദധാരികളും. 52 പേർ വിവിധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരാണ്. എല്ലാ രംഗത്തുമുള്ളതു പോലെ പൊലീസിലും ഉന്നത ബിരുദമുള്ളവർ ഏറുകയാണെന്ന വസ്തുതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

പൊലീസിന്‍റെ പിടിപ്പുകേടും ക്രമവിരുദ്ധ പ്രവർത്തനവും അഴിമതിയും കൊണ്ടുള്ള പ്രശ്‌നങ്ങൾ വർധിക്കുമ്പോഴും ഉന്നത ബിരുദമുള്ളവർ പൊലീസ് ജോലിയെ അവഗണിക്കാൻ തയാറായിട്ടില്ലെന്നു വേണം കരുതാൻ. സമീപകാലത്തെ വിവിധ വിഷയങ്ങളിൽ പ്രതിസ്ഥാനത്തു നിൽക്കുന്ന പൊലീസിലെ വിവിധ ഉദ്യോഗസ്ഥർ സേനയ്ക്ക് കളങ്കം ചാർത്തുമ്പോഴാണ് ഉന്നത ബിരുദക്കാർ സേനയിലേക്ക് എത്തുന്നത്. നിലവിൽ അധികാരത്തിലുള്ള സർക്കാരിന്‍റെയും ആഭ്യന്തര വകുപ്പിന്‍റെ നയം മൂലം പല സംഭവങ്ങളിലും പൊലീസ് കാട്ടുന്ന നിഷ്‌ക്രിയത്വമാണ് പലപ്പോഴും പൊലീസിന് പൊതുസമൂഹത്തിനു മുന്നിൽ പ്രതിച്ഛായ നഷ്ടമാക്കുന്നത്. അനാവശ്യ കേസുകളിൽപ്പെടുത്തി സാധാരണക്കാരെ നട്ടം തിരിക്കുമ്പോൾ തന്നെ ചില കേസുകളിൽ വഴിവിട്ട ഇടപെടലുകൾ കൊണ്ടും പൊലീസ് നിലപാട് ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയുമുണ്ട്.

കാര്യ നിർവഹണ ശേഷിയുള്ളവരെ പോലും കൃത്യമായ പ്രവർത്തിക്കാൻ അനുവദിക്കാത്ത അവസ്ഥയും കടുത്ത രാഷ്ട്രീയവൽക്കരണവുമാണ് നിലവിൽ പൊലീസിനെ ബാധിച്ചിട്ടുള്ള ഗുരുതരമായ വിഷയങ്ങൾ. ഉന്നത ബിരുദമുള്ളവർ സേനയിൽ എത്തിപ്പെടുന്നതോടെ അവർക്ക് പൊലീസിലെ തൊഴിൽ രംഗത്തു തന്നെ കാര്യമായ സ്വാധീനം ചെലുത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഇത്തരത്തിൽ സേനയിലെത്തുന്നവരുടെ കാര്യശേഷി വിനിയോഗിക്കാനും പൊലീസിന് കഴിയുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.