മദ്യാസക്തിയുള്ളവർക്ക് ചികിത്സയാണ് വേണ്ടത്; ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം നല്‍കാമെന്ന സർക്കാർ ഉത്തരവ് വിചിത്രമെന്ന് ഐ.എം.എ

Jaihind News Bureau
Tuesday, March 31, 2020

ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മദ്യം നൽകാമെന്ന സംസ്ഥാന സർക്കാറിന്‍റെ ഉത്തരവ് വിചിത്രമാണെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്‍റ് ഡോക്ടർ എബ്രഹാം വർഗീസ്. ഈ ഉത്തരവിലൂടെ അധാർമികമായ ചികിത്സ നടത്താൻ സർക്കാർ ഡോക്ടർമാരെ പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

മദ്യാസക്തി ഉള്ളവർക്ക് വീണ്ടും മദ്യമല്ല നൽകേണ്ടത്. അത്തരക്കാർക്കാവശ്യം ചികിത്സയാണ്. സർക്കാറിന്‍റെ ഭാഗത്തുനിന്ന് ഇത്തരം ഒരു നീക്കം പ്രതീക്ഷിച്ചിരുന്നില്ലെന്നും കഴിഞ്ഞ ദിവസം ഉണ്ടായ മരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഇത്തരത്തിൽ ഒരു ഉത്തരവ് ഇറക്കിയതെന്ന് പറയുന്നതെങ്കിലും മരണങ്ങൾ നടന്നത് മദ്യാസക്തി മൂലമാണെന്ന് പറയാൻ കഴിയില്ലെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്‍റ് എബ്രഹാം വർഗീസ് ജയ്ഹിന്ദ് ന്യൂസിനോട് വ്യക്തമാക്കി.

ശാസ്ത്രീയമായാണ് രോഗിയെ ചികിത്സിക്കേണ്ടത്. മരുന്ന് കൊണ്ട് ചികിത്സിക്കാനാണ് വൈദ്യശാസ്ത്രം പറഞ്ഞതെന്നും മദ്യം കൊണ്ട് ചികിത്സിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.ജി.എം.ഒ സ്വീകരിച്ച അതേ നിലപാടാണ് ഈ വിഷയത്തിൽ ഐ.എം.എയ്ക്ക് ഉള്ളതെന്നും മരുന്ന് എഴുതുന്നത് പോലെ മദ്യം എഴുതി നൽകാൻ കഴിയില്ലെന്നും എബ്രഹാം വർഗീസ് കൂട്ടിച്ചേർത്തു.