‘ഏകാധിപതിയെ ജനം പിഴുതെറിയും, ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കും’; മോദിയെ കടന്നാക്രമിച്ച് കെജ്‌രിവാൾ

 

ന്യൂഡൽഹി: മദ്യനയക്കേസില്‍ ജയിൽമോചിതനായ ശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഏകാധിപതിയായ മോദി രാജ്യത്തെ ജനാധിപത്യത്തെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ മോദിയെ പിഴുതെറിഞ്ഞ് ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് കെജ്‌രിവാൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഏകാധിപത്യത്തിനെതിരായ പോരാട്ടത്തില്‍ രാജ്യത്തെ 140 കോടി ജനങ്ങളുടെ പിന്തുണ തേടുകയാണെന്നും കെജ്‌രിവാൾ പറഞ്ഞു. എഎപിയെ തകർക്കാനുള്ള മോദിയുടെ ശ്രമം നടക്കില്ലെന്നും കെജ്‌രിവാൾ ഡല്‍ഹിയില്‍ നടത്തിയ വാർത്താമ്മേളനത്തില്‍ പറഞ്ഞു.

‘‘എഎപി വളരെ ചെറിയൊരു പാർട്ടിയാണ്. പ്രധാനമന്ത്രി എഎപിയെ തകർക്കാനുള്ള ഒരു അവസരവും പാഴാക്കിയിട്ടില്ല. അതിനുവേണ്ടി ഞങ്ങളുടെ നാലുനേതാക്കളെ അദ്ദേഹം ജയിലിൽ അയച്ചു. ഇത്തരം പാർട്ടികളുടെ നാല് നേതാക്കൾ ജയിലിൽ പോയാൽ പാർട്ടി ഇല്ലാതാകും. പ്രധാനമന്ത്രി ആഗ്രഹിക്കുന്നത് എഎപിയെ ഇല്ലാതാക്കാനാണ്. എന്നാൽ ആം ആദ്മി പാർട്ടി എന്നുള്ളത് ഒരു ആശയമാണ്. അതിനെ എത്രത്തോളം ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നുവോ അത്രത്തോളം അത് വലുതായിക്കൊണ്ടിരിക്കും. ‌’’  – കെജ്‌രിവാൾ പറ​ഞ്ഞു.

മോദിയെ ഏകാധിപതി എന്നു വിശേഷിപ്പിച്ച കെജ്‌രിവാൾ രാജ്യത്തെ ജനാധിപത്യം ഇല്ലാതാക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി. ഒരു രാജ്യം ഒരു നേതാവ് എന്നതാണ് മോദിയുടെ ലക്ഷ്യം. എന്നാല്‍ ഏകാധിപത്യം ഇല്ലാതാക്കാനാണു തന്‍റെ ശ്രമമെന്നും ഇതിനായി രാജ്യത്തെ 140 കോടി ജനങ്ങളുടെ പിന്തുണ തേടുകയാണെന്നും കെജ്‌രിവാൾ പറഞ്ഞു. തനിക്ക് രാജ്യം മുഴുവൻ സഞ്ചരിക്കാൻ സുപ്രീം കോടതി അനുവദിച്ചിരിക്കുന്നത് 21 ദിവസമാണ്. ഓരോ തുള്ളി രക്തവും ഈ രാജ്യത്തിന് വേണ്ടിയുള്ളതാണെന്നും കെജ്‌രിവാൾ പറഞ്ഞു. മോദി ഇനിയും അധികാരത്തിൽ വരികയാണെങ്കിൽ പ്രതിപക്ഷ നേതാക്കളെ ജയിലിലടയ്ക്കാനാകും ശ്രമിക്കുക. യോഗി ആദിത്യനാഥിനെയും മോദി ഒതുക്കുമെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.

Comments (0)
Add Comment