പാളുന്ന കൊവിഡ് ജാഗ്രത; ലോക്ഡൗൺ വകവയ്ക്കാതെ ജനങ്ങൾ നിരത്തിൽ

Jaihind News Bureau
Tuesday, March 24, 2020

തിരുവനന്തപുരം: കേരളത്തിൽ പ്രഖ്യാപിച്ച ലോക്ഡൗൺ വകവയ്ക്കാതെ ജനങ്ങൾ. റോഡുകളിൽ വാഹനഗതാഗതവും ജനത്തിരക്കും സാധാരണ നിലയിലാണ്.  കൊല്ലത്തും തിരുവനന്തപുരത്തും വാഹനഗതാഗതം കൂടിയതോടെ പൊലീസ് കമ്മീഷണർമാര്‍ക്ക് നേരിട്ട് ഇടപെടേണ്ടിവന്നു. പലയിടത്തും ജനക്കൂട്ടവുമുണ്ടായി. പൊലീസ് അഭ്യർത്ഥിച്ചിട്ടും ജനങ്ങൾ തിരിച്ച് പോകാൻ കൂട്ടാക്കിയില്ല.

തിരുവനന്തപുരത്ത് തുറന്ന പെട്ടിക്കടകൾ കമ്മീഷണറുടെ നേതൃത്വത്തിൽ അടപ്പിച്ചു. കണ്ണൂരിൽ ലോക്ക് ഡൗൺ ലംഘിച്ച് നിരത്തിലിറങ്ങിയ എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച കാസർകോട് ജില്ലയിൽ അനാവശ്യമായി നിരത്തിലിറങ്ങിയവരെ പൊലീസ് വിരട്ടിയോടിച്ചു. ഇരുചക്രവാഹനങ്ങളിലും കാൽനടയായിട്ടുമാണ് ജനങ്ങൾ റോഡിലിറങ്ങിയത്. അതേസമയം ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾ വീട്ടിൽ തന്നെ കഴിയണമെന്നായിരുന്നു സർക്കാർ നിർദേശം.