‘ജനങ്ങളെ മതത്തിന്‍റെ പേരില്‍ വേര്‍തിരിക്കരുത്’; മോദിയുടെ വിദ്വേഷപ്രസംഗത്തിനെതിരെ മല്ലികാർജുന്‍ ഖാർഗെ

 

തിരുവനന്തപുരം: രാജ്യത്ത് ബിജെപിക്കെതിരെ അടിയൊഴുക്ക് ശക്തമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അടിയൊഴുക്ക് വ്യക്തമായതിനാലാണ് കോൺഗ്രസിനെതിരെ മോദി രൂക്ഷമായ വിമർശനം ഉന്നയിക്കുന്നത്. ഗ്യാരന്‍റികള്‍ നല്‍കുക എന്നതുമാത്രമാണ് മോദിയുടെ ഗ്യാരന്‍റി എന്ന് ഖാർഗെ പരിഹസിച്ചു. വർഷം തോറും രണ്ടു ലക്ഷം തൊഴിലവസരങ്ങള്‍, അക്കൗണ്ടിൽ 15 ലക്ഷം രൂപ, കർഷകരുടെ വരുമാനം ഇരട്ടിയാക്കും എന്നെല്ലാമാണ് മോദി പറഞ്ഞിരുന്നത്. ഇതെല്ലാം എന്തായെന്ന് ഖാർഗെ ചോദിച്ചു. മോദി നിരന്തരമായി കള്ളം പറയുകയാണ്. വില കുറഞ്ഞ രാഷ്ട്രീയക്കാരനെപ്പോലെ മോദി പെരുമാറുന്നുവെന്നും ഖാർഗെ വിമർശിച്ചു.

മോദിയുടെ വിദ്വേഷ പരാമർശത്തിനെതിരെ രൂക്ഷ വിമർശനമാണ് ഖാർഗെ നടത്തിയത്. രാജ്യത്തെ ജനങ്ങളെ മതത്തിന്‍റെ പേരില്‍ വേര്‍തിരിച്ച് കാണാന്‍ പാടില്ല. മുസ്‌ലീങ്ങൾക്കെതിരായ പരാമർശം തെറ്റായ രാഷ്ട്രീയമാണെന്നും  മോദി രാജ്യത്തിന്‍റെ ചരിത്രം വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഒരു മതവിഭാഗത്തില്‍ മാത്രമല്ല കുട്ടികള്‍ കൂടുന്നത്. തൊഴിലില്ലായ്മായാണ് രാജ്യത്തെ പ്രധാന പ്രശ്‌നം. എന്നാല്‍ ഇതിനെ കുറിച്ച് മിണ്ടാന്‍ മോദി തയാറാകുന്നില്ല. തിരുവനന്തപുരത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെയും മല്ലികാർജുന്‍ ഖാർഗെ രംഗത്തെത്തി. രാജീവ് ചന്ദ്രശേഖര്‍ ഒന്നും ചെയ്യാത്ത ആളാണെന്നും 18 വര്‍ഷം എംപി ആയിരുന്നിട്ടും കര്‍ണാടകയില്‍ അദ്ദേഹം ഒന്നും ചെയ്തിട്ടില്ലെന്നും ഖാര്‍ഗെ പറഞ്ഞത്.

കോണ്‍ഗ്രസ് നല്‍കുന്ന വാഗ്ദാനങ്ങള്‍ എല്ലാം നിറവേറ്റുക തന്നെ ചെയ്യുമെന്ന് ഖാർഗെ വ്യക്തമാക്കി. കർണാടക, തെലങ്കാന, ഹിമാചല്‍ എല്ലാം ഇതിന് ഉദാഹരണങ്ങളാണ്. തിരുവന്തപുരത്ത് ഇന്ദിരാഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍.

Comments (0)
Add Comment