തിരുവനന്തപുരം : ആഘോഷങ്ങളിൽ പങ്കെടുത്തവർ കൊവിഡ് പരിശോധന നടത്തണമെന്ന് ഉത്തരവുമായി തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ. ഓണാഘോഷങ്ങളുടെ ഒത്തുചേരലുകളിൽ പങ്കെടുത്തവരാണ് കൊവിഡ് പരിശോധന നടത്തണമെന്ന് മെഡിക്കൽ ഓഫീസർ ഡോ.കെ.എല്‍ ഷിനു അറിയിച്ചത്.
മാത്രമല്ല തലവേദന, ക്ഷീണം, ചുമ, പനി, ശരീരവേദന, തൊണ്ടവേദന എന്നിങ്ങനെ ഏതെങ്കിലും ശാരീരിക വിഷമതകൾ അനുഭവപ്പെടുന്നവർ പരിശോധയ്ക്ക് വിധേയരാകുകയും നിർബന്ധമായും ക്വാറന്റൈനിൽ കഴിയാനും നിർദ്ദേശമുണ്ട്.
കൊവിഡ് രോഗവ്യാപനം തടയാൻ കൃത്യമായ സമയത്ത് രോഗനിർണയം നടത്തി ചികിത്സ തേടേണ്ടത് അത്യാവശ്യമാണെന്നും കൂട്ടായ്മകളിൽ പങ്കെടുത്തവർ വീട്ടിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും വീട്ടിലെ കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവർക്ക് കരുതൽ വേണമെന്നും രോഗസാദ്ധ്യത കണ്ടാൽ കൊവിഡ് പരിശോധന നടത്തണമെന്നുമാണ് ഡിഎംഒ നിർദ്ദേശിക്കുന്നത്. ഇതിനായി വീടിനടുത്തുളള ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.