തപാല്‍ വോട്ടിനിടെ പെന്‍ഷനും ; കായംകുളത്ത് വോട്ടറെ സ്വാധീനിക്കാന്‍ ശ്രമം ; പരാതി നല്‍കി യുഡിഎഫ്

Jaihind Webdesk
Wednesday, March 31, 2021

ആലപ്പുഴ : കായംകുളത്ത് വോട്ടറെ സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാതി. എല്‍ഡിഎഫിനായി വോട്ട് ക്യാന്‍വാസ് ചെയ്യുന്നതായാണ് പരാതി. തപാല്‍ വോട്ടിന് ആളെത്തിയപ്പോള്‍ പെന്‍ഷന്‍ നല്‍കാനും ആളെത്തി. ഇത് സംബന്ധിച്ച് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനും കളക്ടര്‍ക്കും പരാതി നല്‍കി.

കായംകുളം മണ്ഡലത്തിലെ 77-ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ക്കാണ് വോട്ട് ചെയ്യിക്കാന്‍ എത്തിയതിനൊപ്പം പെന്‍ഷനും നല്‍കിയത്. ഇത് കൃത്യമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് യുഡിഎഫ് ആരോപിക്കുന്നു. കായംകുളത്ത് 80 വയസിന് മുകളില്‍ പ്രായമുള്ള വോട്ടര്‍മാരെ തപാല്‍ വോട്ട് ചെയ്യിക്കാനെത്തിപ്പോള്‍ അതിനൊപ്പം പെന്‍ഷന്‍ നല്‍കാനും ആളെത്തി എന്നതാണ് പ്രധാനമായ പരാതി. 2 മാസത്തെ പെന്‍ഷനാണ് നല്‍കുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പെന്‍ഷന്‍ തുക കൂടുതല്‍ ലഭിക്കുമെന്ന് പെന്‍ഷന്‍ കൈമാറുന്ന ആള്‍ പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

പെന്‍ഷന്‍ നല്‍കാനെത്തിയ സഹകരണ ബാങ്ക് ഉദ്യോഗസ്ഥന്‍ തന്നെ ഇത്തരത്തില്‍ എല്‍ഡിഎഫിന് വോട്ട് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം. തപാല്‍വോട്ട് വ്യാപകമായി നടക്കുന്ന ഘട്ടത്തിലാണ് ഇത്തരത്തില്‍ ഒരു ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.