കണ്ണൂരിലെ പെന്‍ഷന്‍ തട്ടിപ്പില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം; മരണമടഞ്ഞ കൂടുതൽ പേരുടെ തുക വ്യാജ ഒപ്പിട്ട് കൈക്കലാക്കിയതായി സൂചന

 

കണ്ണൂർ പായം പഞ്ചായത്തിൽ മരിച്ച സ്ത്രീയുടെ സാമൂഹ്യക്ഷേമ പെൻഷൻ  സിപിഎം പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഭാര്യ വ്യാജ ഒപ്പിട്ട് കൈക്കലാക്കിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. പഞ്ചായത്ത് പരിധിയിൽ മരണമടഞ്ഞ കൂടുതൽ പേരുടെ പെൻഷൻ വ്യാജ ഒപ്പിട്ട് കൈക്കലാക്കിയതായി സൂചന. അതേസമയം പെൻഷൻ ഒപ്പിട്ട് വാങ്ങിയ സംഭവം ബാങ്കിനു മേല്‍ കെട്ടിവെച്ച് തലയൂരാനാണ് പായം പഞ്ചായത്ത് പ്രസിഡന്‍റ് അശോകന്‍റെ ശ്രമം. ആരോപണ വിധേയമായ ജനാധിപത്യ മഹിള അസോസിയേഷൻ നേതാവിനെ ബാങ്കിൽ നിന്ന് സസ്പെന്‍ഡ് ചെയ്ത് മുഖം രക്ഷിക്കുകയാണ് ബാങ്ക് ഭരണസമിതി.

സംഭവത്തിൽ  കണ്ണൂർ പായം പഞ്ചായത്തിലെ അളപ്ര വാർഡിൽ അന്തരിച്ച തോട്ടത്തിൽ കൗസുവിന്‍റെ മക്കൾ ഇരിട്ടി പൊലീസിൽ പരാതി നൽകിയതോടെയാണ് മുഖം രക്ഷിക്കാനുള്ള നടപടിയുമായി ബാങ്ക് ഭരണസമിതിയും സിപിഎമ്മും രംഗത്തെത്തിയത്. പ്രദേശത്തെ പെൻഷൻ വിതരണം ചെയ്യുന്നതിന്‍റെ മുഖ്യ ചുമതലക്കാരിയും ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജയുടെ അടുത്തബന്ധുവുമായ സ്വപ്നയെ ബാങ്കിൽ നിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.

എന്നാൽ പെൻഷൻ തുക തട്ടിച്ച സംഭവത്തിൽ പായം പഞ്ചായത്ത് പ്രസിഡന്‍റിനെ സംരക്ഷിക്കുന്ന നിലപാടാണ് സിപി എമ്മിനുള്ളത്. സ്വപ്നക്കൊപ്പം പെൻഷൻ വിതരണത്തിന്‍റെ ചുമതല ഉണ്ടായിരുന്ന വാർഡ് മെമ്പർ വിമല , സി പി എം പ്രവർത്തകൻ സുരേന്ദൻ എന്നിവർക്കും ഇതിൽ പങ്കില്ലെന്നാണ് സിപിഎം നിലപാട്. അതേസമയം പെൻഷൻ തുക വിതരണം ചെയ്യുന്നതിൽ ക്രമക്കേടോ വീഴ്ചയോ ഉണ്ടായെങ്കിൽ അതിന്‍റെ പൂർണ ഉത്തരവാധിത്വം ഇരിട്ടി റൂറൽ ബാങ്കിനാണെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് അശോകൻ പറഞ്ഞു. പെൻഷൻ വിതരണവുമായി പഞ്ചായത്ത് ഭരണസമിതിക്ക് ബന്ധമില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് പറയുന്നത്.

Comments (0)
Add Comment