ന്യൂഡല്‍ഹി: ഫോണ്‍ ചോർത്തല്‍ മുന്നറിയിപ്പ് ലഭിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. മോദി സർക്കാർ രാഷ്ട്രീയ എതിരാളികളെ ഭരണഘടനാവിരുദ്ധമായി നേരിടുന്നു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തെ ശക്തമായി നേരിടുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
“നിങ്ങളുടെ പ്രിയപ്പെട്ട ചാര സോഫ്റ്റ്‌വെയർ എന്‍റെ ഫോണിലേക്കും അയച്ചതിന് പ്രധാനമന്ത്രി മോദി ജിക്ക് നന്ദി! നിങ്ങളുടെ ഈ പ്രത്യേക സമ്മാനത്തെക്കുറിച്ച് എന്നെ അറിയിക്കാൻ ആപ്പിൾ എന്തായാലും ദയകാട്ടി! വ്യക്തമായി പറയട്ടെ, ക്രിമിനൽ, ഭരണഘടനാ വിരുദ്ധമായ രീതിയിലാണ് മോദി സർക്കാർ പ്രവർത്തിക്കുന്നത്. രാഷ്ട്രീയ എതിരാളികളുടെ വേട്ടയാടുകയും അവരുടെ സ്വകാര്യതയിലേക്ക് ഈ രീതിയിൽ കടന്നുകയറുകയും ചെയ്യുന്നു. ഭരണഘടനയ്ക്കും ബി.ജെ.പിയുടെ ഫാസിസ്റ്റ് അജണ്ടയ്ക്കുമെതിരായ ഏത് ആക്രമണത്തെയും ജനങ്ങൾ തള്ളിക്കളയുന്നു എന്നതായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ സന്ദേശം. ഭരണഘടനാ വിരുദ്ധമായ ഈ നടപടിയെ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തെ പല്ലും നഖവും ഉപയോഗിച്ച് ഞങ്ങള്‍ എതിർക്കും.” – കെ.സി. വേണുഗോപാല്‍ എക്സില്‍ കുറിച്ചു.
ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന മെഹ്ബൂബ മുഫ്തിയുടെ മകളും ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവുമായ ഇല്‍തിജ മുഫ്തിയും ആരോപണം ഉന്നയിച്ചിരുന്നു. ഇല്‍തിജ മുഫ്തിയുടെ മൊബൈലിലേക്കും ആപ്പിളിന്‍റെ മുന്നറിയിപ്പ് സന്ദേശം ലഭിച്ചതായി അവർ വ്യക്തമാക്കി.