ഇരട്ടക്കൊലപാതകം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റ കൃത്യമെന്ന് കോടതി: പിതാംബരന്‍ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍

Jaihind Webdesk
Wednesday, February 20, 2019

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിപിഎം നേതാവായിരുന്ന എ പീതാംബരനെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഹോസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ്ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റ കൃത്യമെന്ന് കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചെതെന്നും കോടതി നീരീക്ഷിച്ചു.

അതേസമയം കൊലപാതകവുമായി ബന്ധപ്പട്ട് റിമാന്റ് റിപ്പോര്‍ട്ട് പുറത്തുവന്നു. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് ആക്രമണം നടത്തിയത്. സിപിഎം പ്രവര്‍ത്തകാണ് പ്രതികളെന്നും കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അറസ്റ്റിലായ പീതാംബരനുമായി സംഭവ സ്ഥലത്തെത്തി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ പൊലീസ്‌ കണ്ടെടുത്തു. ഇരുമ്പു ദണ്ഡുകളുപയോഗിച്ച് ഇരുവരേയും മര്‍ദിച്ചുവെന്ന് പ്രതികള്‍ നേരത്തേ മൊഴി കൊടുത്തിരുന്നു. കല്ല്യോട്ട് സംഭവം നടന്ന സ്ഥലത്തിന് സമീപത്തുള്ള ഉപേക്ഷിക്കപ്പെട്ട കിണറ്റില്‍ നിന്നാണ് വടിവാള്‍ കണ്ടെടുത്തത്. ആയുധങ്ങള്‍ പ്രതി പീതാംബരന്‍ തിരിച്ചറിഞ്ഞു.

കാസര്‍കോട് കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത്‌ലാല്‍ എന്നിവരെ വെട്ടിക്കൊന്ന സംഭവത്തില്‍ സി.പി.എം. പെരിയ ലോക്കല്‍ കമ്മിറ്റിയംഗം അയ്യങ്കാവ് വീട്ടില്‍ പീതാംബരനെ ചൊവ്വാഴ്ചയാണ് പൊലീസ്‌ അറസ്റ്റ് ചെയ്തത്.