കുട്ടികളെ പീഡിപ്പിച്ച കേസില്‍ വൈദികനെ കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് പോലീസില്‍ ഏല്‍പ്പിച്ചു

കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പടപ്പില്‍ പ്രവര്‍ത്തിക്കുന്ന ബോയ്‌സ് ഹോമിലെ അന്തേവാസികളായ കുട്ടികളെ പീഡിപ്പിച്ച വൈദികന്‍ അറസ്റ്റില്‍. ജെറി എന്ന് വിളിക്കുന്ന ഫാദര്‍ ജോര്‍ജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാട്ടുകാരും കുട്ടികളുടെ രക്ഷിതാക്കളും ചേര്‍ന്നാണ് വൈദികനെ പോലീസില്‍ ഏല്‍പ്പിച്ചത്. വൈദികന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സ്ഥാപനത്തില്‍ നിന്ന് ഇറങ്ങിയോടിയ കുട്ടികള്‍ സംഭവം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.

ജെറി എന്നു വിളിക്കുന്ന ഫാ. ജോര്‍ജിനെയാണ് പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹമായിരുന്നു ബോയ്‌സ് ഹോമിന്റെ ഡയറക്ടറായി പ്രവര്ത്തിച്ചിരുന്നത്. ഇയാള്‍ കുട്ടികളെ മുന്‍പും പീഡിപ്പിച്ചിരുന്നതായാണ് സൂചന. എന്നാല്‍ കുട്ടികള്‍ പേടി മൂലം വിവരം പുറത്തു പറഞ്ഞിരുന്നില്ല. ശനിയാഴ്ച രാത്രിയിലും കുട്ടികള്‍ക്ക് നേര്‍ക്ക് വൈദികന്റെ പീഡനശ്രമം ഉണ്ടായതോടെ അന്തേവാസികളായ ആറ് കുട്ടികള്‍ രാത്രി പുറത്തേയ്ക്ക് ഇറങ്ങി ഓടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരിലൊരാളുടെ ഫോണ്‍ വാങ്ങി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ സ്ഥലത്തെത്തുകയും കണ്ണമാലിയ്ക്ക് സമീപത്തു നിന്ന് കുട്ടികളെ കണ്ടെത്തുകയുമായിരുന്നു. ഇതിനു പിന്നാലെ നാട്ടുകാര്‍ ഇടപെട്ട് വൈദികനെ തന്ത്രപരമായി പള്ളുരുത്തി പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അനാഥരായ കുട്ടികളും നിര്‍ധന കുടുബങ്ങളിലെ കുട്ടികളുമാണ് ബോയ്‌സ് ഹോമിലെ അന്തേവാസികള്‍. പതിനഞ്ചോളം കുട്ടികളാണ് ഇവിടെ കഴിയുന്നത്. മുന്‍പും വൈദികന്‍ തങ്ങളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് കുട്ടികള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. അറസ്റ്റ് ചെയ്ത വൈദികനെ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തിയിട്ടുണ്ട്. ബാലപീഡനത്തിനു പുറമെ പ്രകൃതിവിരുദ്ധ പീഡനത്തിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

കര്‍മ്മലീത്താ വൈദികരാണ് സ്ഥാപനം നടത്തുന്നത്, അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്നും വൈദികനെതിരെ കാനോനിക അന്വഷണം ആരംഭിച്ചിട്ടുണ്ടെന്നും മഞ്ഞുമ്മല്‍ കര്‍മ്മലീത്താ പ്രൊവിന്‍സ് അറിയിച്ചു. ആരെയും സംരക്ഷിക്കാന്‍ കൂട്ടുനില്‍ക്കില്ലെന്നും കര്‍മ്മലീത്താ സഭ അറിയിച്ചു.

kochiarrestcrimepriestrojirojypedophilia
Comments (0)
Add Comment