കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആദ്യ അജണ്ട പാവപ്പെട്ടവർക്ക് മിനിമം വേതനം : പി.സി വിഷ്ണുനാഥ്

Jaihind Webdesk
Monday, February 25, 2019

കോഴിക്കോട്: രാജ്യത്തെ പാവപ്പെട്ടവർക്ക് മിനിമം വേതനം ഉറപ്പുവരുത്തൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയശേഷം ആദ്യം നടപ്പിലാകുമെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്. മുൻ യുപിഎ സർക്കാരുകൾ തൊഴിലുറപ്പു പദ്ധതി , ഭക്ഷ്യ സുരക്ഷാ നിയമം, വിവരാവകാശ നിയമം തുടങ്ങിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം പാലിച്ചിട്ടുണ്ട്. കാർഷിക കടങ്ങൾ എഴുതി തള്ളുമെന്ന വാഗ്ദാനവും നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം അധികാരത്തിലെത്തിയ സംസ്ഥാനങ്ങളിൽ നടപ്പിൽ വരുത്തി.

അതുപോലെ തന്നെ അധികാരത്തിലെത്തിയാൽ എഐസിസി അധ്യക്ഷന്‍റെ ഈ വാഗ്ദാനവും നടപ്പിൽ വരുത്തും. കേരളത്തിൽ യുഡിഎഫ് ഈ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം ഉണ്ടാക്കുമെന്നും പറഞ്ഞു. യുഡിഎഫ് കോഴിക്കോട് ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എം.കെ രാഘവൻ എം.പി ജാഥാനായകനായുള്ള ജനഹൃദയ യാത്രയുടെ കോഴിക്കോട് നോർത്ത് നിയോജകമണ്ഡലത്തിലെ പര്യടനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പര്യടനത്തിലുടനീളമുണ്ടായിരുന്ന ജനപ്രാധിനിധ്യം എം.കെ രാഘവന്‍ എംപിയുടെ വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ സ്വീകാര്യതയാണെന്നും കൂട്ടിച്ചേർത്തു.