‘അതിഥി തൊഴിലാളി’ സംബോധന വിവേചനപരം; ഔദാര്യസ്വരം: പി.സി.വിഷ്ണുനാഥ്

Jaihind News Bureau
Monday, March 30, 2020

ആദരപൂര്‍വം എന്ന വ്യാഖ്യാനത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഇപ്പോള്‍ പ്രയോഗിക്കുന്ന ‘അതിഥി തൊഴിലാളി’ പരാമര്‍ശം കടുത്ത വിവേചനപരമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ്        പി.സി.വിഷ്ണുനാഥ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കുനേരെ സമൂഹമധ്യമങ്ങളിലുള്‍പ്പെടെ വന്‍തോതില്‍ വംശീയപ്രാദേശിക വിവേചനത്തോടെ അക്രമം നടക്കുമ്പോള്‍ പ്രസ്തുത സംബോധനയിലെ അപകടവും ഭരണഘടനാവിരുദ്ധതയും മനസിലാക്കാന്‍ ഭരണാധികാരികള്‍ക്ക് സാധിക്കണം.

ഒരു മലയാളി ഡല്‍ഹിയിലോ തമിഴ്‌നാട്ടിലോ കൊല്‍ക്കത്തയിലോ ബംഗാളിലോ മഹാരാഷ്ട്രയിലോ ജോലി ചെയ്യാന്‍ പോകുന്നത് അവിടുത്തെ ‘അതിഥി തൊഴിലാളി’ ആയിട്ടല്ലെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെ മനസിലാക്കണം.ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ അയാള്‍ക്ക് കൂടി അവകാശപ്പെട്ട, സ്വത്തുള്‍പ്പെടെ ആര്‍ജിക്കാന്‍ ഭരണഘടന അനുവാദം നല്‍കുന്ന ഇന്ത്യയിലെ ഒരു പ്രദേശത്തേക്കാണ് അവര്‍ എത്തിയത്.

ബംഗാളുകാരനോ തമിഴ്‌നാട്ടുകാരനോ ബീഹാറുകാരനോ കേരളത്തിലേക്ക് ജോലിക്കായി വരുന്നത് ഇന്ത്യന്‍ പൗരനെന്ന നിലയില്‍ അവനുകൂടി അവകാശപ്പെട്ട ഇന്ത്യയുടെ ഭാഗമായ മണ്ണിലേക്കാണ്. ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അവന് ഭക്ഷണം കൊടുക്കുക, തൊഴില്‍ജീവിത സുരക്ഷ നല്‍കുക, ആശുപത്രി സേവനം നല്‍കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ആരുടേയും ഔദാര്യമോ കാരുണ്യമോ അല്ല.

ഒരു കാസര്‍ഗോഡുകാരന് മംഗലാപുരത്തേക്ക് പോവണമെന്നുള്ളത് യെദ്യൂരപ്പയുടെ ഔദാര്യത്തിന്‍റെ യും കാര്യമല്ല. കാരണം കര്‍ണാടകയുടെ അതിഥിയല്ല കാസര്‍ഗോഡുകാരന്‍. ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അവനുകൂടി അവകാശപ്പെട്ട ഇന്ത്യയുടെ ഭാഗമാണ് മംഗലാപുരം. അവിടെ റോഡില്‍ മണ്ണിട്ട് സഞ്ചാരസ്വാതന്ത്ര്യം തടയുന്നതിന് ഒരു ഭരണാധികാരിക്കും ഇന്ത്യന്‍ ഭരണഘടന അധികാരവും അവകാശവും നല്‍കുന്നില്ല.

‘അന്യസംസ്ഥാനം ‘ എന്ന സ്ഥിരം പരാമര്‍ശത്തിലെ രാഷ്ട്രീയ ശരികേട് എന്തെന്നും എല്ലാവര്‍ക്കും അറിയാം. ഇന്ത്യയില്‍ ആരും ആര്‍ക്കും അന്യരല്ല. പൗരത്വം ഇന്ത്യന്‍ എന്നാണെങ്കില്‍ പശ്ചിമബംഗാള്‍ എനിക്ക് കൂടി അവകാശപ്പെട്ടതാണ്. അവിടെ യാതൊരു വിവേചനവും കൂടാതെ ജീവിക്കാനും ജോലി ചെയ്യാനും അവകാശമുണ്ട്. അവിടുത്തെ സര്‍ക്കാര്‍ എന്നെ അതിഥിയായാണ് കാണുന്നതെങ്കില്‍ എനിക്കാ മണ്ണില്‍ അവകാശമില്ലെന്നാണര്‍ത്ഥം. അതിഥിയും ആതിഥേയരും ഒരേ രാജ്യത്തെ പൗരനെ സംബന്ധിച്ച് എത്ര വിവേചനപരവും മണ്ണിന്റെ മക്കള്‍ വാദം പോലെ പ്രാദേശികബോധത്തെ ഉത്തേജിപ്പിക്കുന്നതും വംശീയചിന്ത വളര്‍ത്തുന്നതുമാണെന്ന വിശാലമായ പൊതുകാഴ്ചപ്പാട് നമ്മുടെ ഭരണാധികാരികള്‍ക്കുണ്ടാവട്ടെയെന്നും വിഷ്ണുനാഥ് പറഞ്ഞു.