‘സർക്കാരിന്‍റെ പിആർ വർക്കിന് മംഗളപത്രം വായിക്കലല്ല പ്രതിപക്ഷ ധർമ്മം, നിർണായക ഘട്ടത്തിൽ സർക്കാരിനൊപ്പം നിലയുറപ്പിച്ചിട്ടുമുണ്ട്’; ഷാൻ റഹ്മാന് പി.സി വിഷ്ണുനാഥിന്‍റെ മറുപടി

Jaihind News Bureau
Friday, March 13, 2020

ആരോഗ്യമന്ത്രിയുടെ വീഴ്ച ചൂണ്ടിക്കാട്ടി വിമർശിച്ചതിന്റെ പേരിൽ പ്രതിപക്ഷത്തെ ഓർത്ത് ലജ്ജ തോന്നുന്നുവെന്ന് പറഞ്ഞ സംഗീത സംവിധായകൻ ഷാൻ റഹ്മാന് എഐസിസി ജനറൽ സെക്രട്ടറി പി.സി വിഷ്ണുനാഥിന്റെ മറുപടി. ഭരണതലത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടുകയും തിരുത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യുക എന്നത് പ്രതിപക്ഷത്തിന്‍റെ കടമയാണെന്നും സര്‍ക്കാറിന്‍റെ പി ആര്‍ വര്‍ക്കിന് മംഗളപത്രം വായിക്കലല്ല പ്രതിപക്ഷ ധര്‍മ്മമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. നിര്‍ണായക ഘട്ടത്തില്‍ രാഷ്ട്രീയം മാറ്റിവെച്ച് സര്‍ക്കാറിനൊപ്പം  പ്രതിപക്ഷം നിലയുറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

‘താങ്കള്‍ മനസ്സിലാക്കേണ്ടത് ജനാധിപത്യത്തില്‍ ഭരണപക്ഷത്തെ അധികാരത്തിലേക്ക് തിരഞ്ഞെടുക്കുന്ന ജനം പ്രതിപക്ഷത്തിനെ തീര്‍ത്തും പരാജയപ്പെടുത്തുകയല്ല, മറിച്ച് ഭരണപക്ഷത്തെ വീഴ്ചകള്‍ ജാഗ്രതയോടെ നിരീക്ഷിച്ച് മനസ്സിലാക്കി തെറ്റുകള്‍ തിരുത്തിക്കുക എന്ന ദൗത്യമാണ് ഏല്‍പ്പിക്കുന്നത്. അതു ചെയ്യാതിരുന്നാല്‍ ജനങ്ങള്‍ അര്‍പ്പിച്ച പ്രതിപക്ഷ ധര്‍മ്മം എന്ന ഉത്തരവാദിത്തം നിറവേറ്റിയിട്ടില്ല എന്നാണ് അര്‍ത്ഥം’ വിഷ്ണുനാഥ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:

ആരോഗ്യ മന്ത്രിയെ വീഴ്ച ചൂണ്ടിക്കാട്ടി വിമര്‍ശിച്ചതിന്റെ പേരില്‍ പ്രതിപക്ഷത്തെ ഓര്‍ത്ത് ലജ്ജ തോന്നുന്നതായി കഴിഞ്ഞ ദിവസം സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ സമൂഹമാധ്യമത്തില്‍ കുറിപ്പ് ഇട്ടിരുന്നല്ലോ.

ഭരണതലത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടുകയും തിരുത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യുക എന്നത് പ്രതിപക്ഷത്തിന്റെ കടമയാണ്; സര്‍ക്കാറിന്റെ പി ആര്‍ വര്‍ക്കിന് മംഗളപത്രം വായിക്കലല്ല പ്രതിപക്ഷ ധര്‍മ്മം. അതേ സമയം നിര്‍ണായക ഘട്ടത്തില്‍ രാഷ്ട്രീയം മാറ്റിവെച്ച് സര്‍ക്കാറിനൊപ്പം നിലയുറപ്പിച്ചിട്ടുമുണ്ട് പ്രതിപക്ഷം.

ഇനി ഷാന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ഓരോന്നായി പരിശോധിക്കാം.
1. നിപ കാലത്ത് നിങ്ങളെല്ലാം ഒളിച്ചിരുന്നപ്പോള്‍ അവരും അവരുടെ ടീമുമാണ് ഇറങ്ങിയതത്രെ…
ഇവിടെയാണ് പ്രശ്‌നം. നിപ വന്നപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് താങ്കള്‍ക്ക് അറിയാമോ ?

കോഴിക്കോട്ടെ രണ്ട് എംപിമാരും യുഡിഎഫുകാരായിരുന്നു; കോണ്‍ഗ്രസുകാരായിരുന്നു. നിരവധി പഞ്ചായത്തുകള്‍ കോഴിക്കോട്ട് യു ഡി എഫിന്റെ ഭരണ നേതൃത്വത്തിലായിരുന്നു; അവരുള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹ്യപ്രവര്‍ത്തകരും പൊതുജനാരോഗ്യ പ്രവര്‍ത്തകരും ഒരുമിച്ച് നിന്നാണ് ഒരു നാട് നിപ്പയെ തോല്‍പ്പിച്ചത്.
സി പി എം ഇപ്പോള്‍ രാഷ്ട്രീയ ലക്ഷ്യത്തിനായി അവരുടെ മാത്രം രാഷ്ട്രീയനേട്ടത്തിലേക്ക് നിപ്പ പ്രതിരോധത്തെ മാറ്റുന്ന സങ്കുചിതത്വം മനസ്സിലാക്കാം. സഹിക്കാം.
താങ്കളുടെ രാഷ്ട്രീയ വിധേയത്വം ഓരോ വരിയിലും താങ്കള്‍ പ്രകടിപ്പിക്കുമ്പോഴും ഒരു കലാകാരനെന്ന നിലയില്‍ വിശാലമായ് ഒരു കാര്യം ചിന്തിക്കൂ:
അന്ന് ജനങ്ങള്‍ക്കൊപ്പം, സര്‍ക്കാറിന് ഒപ്പം നിന്ന ഞങ്ങളെ ഈ രീതിയില്‍ പരിഹസിക്കുന്ന ഈ അസുഖത്തിന്റെ പേരെന്താണ്?

2. അടുത്ത ആരോപണം: നിങ്ങളില്‍ നിന്നും ശ്രദ്ധമാറി, ഞങ്ങളെല്ലാം ഒറ്റക്കെട്ടായി നില്‍ക്കുന്നു. -ഇവിടെ ആരാണ് നിങ്ങളെയും ഞങ്ങളെയും ഉണ്ടാക്കുന്നത്?

താങ്കള്‍ മനസ്സിലാക്കേണ്ടത് ജനാധിപത്യത്തില്‍ ഭരണപക്ഷത്തെ അധികാരത്തിലേക്ക് തിരഞ്ഞെടുക്കുന്ന ജനം പ്രതിപക്ഷത്തിനെ തീര്‍ത്തും പരാജയപ്പെടുത്തുകയല്ല, മറിച്ച് ഭരണപക്ഷത്തെ വീഴ്ചകള്‍ ജാഗ്രതയോടെ നിരീക്ഷിച്ച് മനസ്സിലാക്കി തെറ്റുകള്‍ തിരുത്തിക്കുക എന്ന ദൗത്യമാണ് ഏല്പിക്കുന്നത്. അതു ചെയ്യാതിരുന്നാല്‍ ജനങ്ങള്‍ അര്‍പ്പിച്ച പ്രതിപക്ഷ ധര്‍മ്മം എന്ന ഉത്തരവാദിത്തം നിറവേറ്റിയിട്ടില്ല എന്നാണ് അര്‍ത്ഥം.

വിമര്‍ശിക്കാതിരിക്കാന്‍ ഇത് കിംഗ് ജോംഗ് ഉന്നിന്റെ ഉത്തരകൊറിയ അല്ല; ജനാധിപത്യ ഇന്ത്യയും കേരളവുമാണ്. കമ്മ്യൂണിസ്റ്റ് ഏകാധിപതികളുള്ള അത്തരം രാഷ്ട്രങ്ങളില്‍ വിമര്‍ശകരെയും രോഗികളെയുമെല്ലാം വെടിവെച്ച് കൊല്ലുകയാണ് പതിവ്.

താങ്കള്‍ പ്രതിപക്ഷ വിമര്‍ശനത്തിന്റെ വസ്തുതകള്‍ മനസ്സിലാക്കണം. സര്‍്ക്കാറിന്റെയോ ആരോഗ്യവകുപ്പിന്റെയോ ഏതുപ്രവര്‍ത്തനത്തിലാണ് ആയിരത്തിലധികം വരുന്ന യുഡിഎഫ് ജനപ്രതിനിധികള്‍ നിസാരവത്കരിച്ചത്? അത് നമ്മുടെ നാടിന്റെ ഉത്തരവാദിത്തമാണ്, അതിനൊപ്പം കേരളമെല്ലാം ഉണ്ട്.
ഇവിടെ ചൂണ്ടിക്കാട്ടിയത് ഈ ഭീതിയുടെ. ആശങ്കയുടെ അന്തരീക്ഷത്തിലേക്ക് കേരളത്തെ തള്ളിവിട്ട ഗുരുതര വീഴ്ചയെപ്പറ്റിയാണ്.

ഇറ്റലിയില്‍ നിന്നും എത്തിയവര്‍ സൂത്രത്തില്‍ പുറത്തുകടന്നു എന്ന് പറഞ്ഞ മന്ത്രിയെ പിന്നെ അഭിനന്ദിക്കണോ?
എങ്ങനെ പുറത്തുകടന്നെന്നാണ് മന്ത്രി പറഞ്ഞത്? -സൂത്രത്തില്‍.
ഇത്രയേറെ നിരീക്ഷണ-സുരക്ഷാ സംവിധാനമുള്ള വിമാനത്താവളത്തില്‍ നിന്ന് സൂത്രത്തില്‍ കടന്നതത്രെ.
ഇറ്റലിയില്‍ നിന്നും എത്തിയവര്‍ എന്ത് പറഞ്ഞാലും യാഥാര്‍ത്ഥ്യം യാഥാര്‍ത്ഥ്യമായി നില്‍ക്കുകയാണല്ലോ.
കണക്ടഡ് ഫ്‌ളൈറ്റില്‍ വന്നാലും, പാസ്‌പോര്‍ട്ടില്‍ ഇറ്റലിയില്‍ നിന്നും വന്നതാണെന്ന് മനസ്സിലാവുകയില്ലേ?
ആ ഫ്‌ളൈറ്റിലെ യാത്രക്കാരെ മുഴുവനും, ഇനി അവര്‍ നിരസിച്ചാലും നിര്‍ബന്ധിത പരിശോധനയ്ക്ക് വിധേയമാക്കി, ഐസലോഷന്‍ വാര്‍ഡുകളിലേക്ക് മാറ്റിയിരുന്നെങ്കില്‍ ഇന്ന് ഇത്രയേറെ ആളുകള്‍ തീ തിന്നു ജീവിക്കുന്ന ദുരവസ്ഥ ഒഴിവാക്കാമായിരുന്നില്ലേ?

താങ്കള്‍ റാന്നിയിലെ കാര്യങ്ങള്‍ ആലോചിക്കണം. ഈ സര്‍ക്കാര്‍ ചെയ്ത ക്രിമിനല്‍ക്കുറ്റത്തെപ്പറ്റി ആലോചിക്കണം. മുന്നറിയിപ്പില്ലാതെ പമ്പയാറിലെ ഒമ്പത് ഡാമുകള്‍ തുറന്ന് വിട്ടുണ്ടായ പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട വ്യാപാരികള്‍ക്ക് ഒരു രൂപ ഈ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയിട്ടില്ല. നിങ്ങള്‍ സിനിമാക്കാരും ഗായകരും കുടുക്ക പൊട്ടിച്ചുണ്ടാക്കി കൊടുത്ത സംഭാവനയെല്ലാം സി പി എം നേതാക്കളുടെ അക്കൗണ്ടില്‍ പോയത് താങ്കളും അറിഞ്ഞുകാണുമല്ലോ? !
ഈ റാന്നിയില്‍ ഇന്നും ആളുകള്‍ പുറത്തിറങ്ങാന്‍ ഭയന്ന് ആശങ്കയോടെ കഴിയുകയാണ്. അവരെ വിമാനത്താവളത്തില്‍ തടയാന്‍, പരിശോധിക്കാന്‍ പരാജയപ്പെട്ട ശേഷം മന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുകയാണ്: വിമാനത്തില്‍ വന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് നല്‍കണമെന്ന്.
ഇമിഗ്രേഷനില്‍ യാത്രക്കാരുടെ മുഴുവന്‍ വിവരങ്ങളും ലഭ്യമാണെന്നിരിക്കെ ടീച്ചറമ്മയുടെ ഈ പി ആര്‍ ടീമിന്റെ അതിബുദ്ധിയില്‍ ഞങ്ങളും കൂടണമായിരുന്നു എന്നാണ് ഷാന്‍ താങ്കളും പറയുന്നത്?

വിമാനത്താവളങ്ങളില്‍ കോവിഡ്19 പരിശോധന നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ 26 ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മാര്‍ച്ച് 3നാണ് കേന്ദ്ര നിര്‍ദേശം ലഭിച്ചതെന്ന് നിയമസഭയെ പോലും തെറ്റിദ്ധരിപ്പിച്ച ആരോഗ്യമന്ത്രിയെ ഞങ്ങള്‍ വാഴ്ത്തണോ?

മാര്‍ച്ച് അഞ്ചിന് ദുബൈയില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയ കുണ്ടൂര്‍ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് ആരോഗ്യ പരിശോധന നടത്തിയിരുന്നോ?

അതിനേക്കാൾ ഗുരുതരമാണ് കെ.എസ്.ശബരിനാഥൻ എം. എൽ.എ ഇന്ന് നിയമസഭയിൽ ഉന്നയിച്ച വിഷയം . അദ്ദേഹത്തിന്റെ മണ്ഡലത്തിൽപെട്ടയാൽ ഇറ്റലിയിൽനിന്ന് വന്നു എന്ന് വിമാനത്താവളത്തിൽ അറിയിച്ചിട്ടും കാര്യമായ പരിശോധനകൾ കൂടാതെ അദ്ദേഹത്തെ വീട്ടിൽ പോകാൻ അനുവദിച്ചു. പിന്നീട് പഞ്ചായത്ത് മെമ്പർ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജിൽ എത്തിയ അദ്ദേഹത്തിന് കാര്യമായ പരിശോധനകൾ ഇല്ലാതെ തിരിച്ച് വീണ്ടും വീട്ടിലേക്ക് അയച്ചു.അദ്ദേഹം കടകളിൽ പോയി ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങി പിന്നീട് ഇപ്പോൾ അദ്ദേഹത്തിന് രോഗമാണെന്ന് മനസ്സിലാക്കുന്നു. ഇപ്പൊൾ പരിഭ്രാന്തിയിലും പരക്കംപാച്ചിലിലുമാണ് കൊച്ചിയിലെ അനുഭവം ഉണ്ടായതിനു ശേഷവും ഈ വീഴ്ച്ച വന്നതിന് ആരാണ് ഉത്തരവാദി. . .

ആന്ത്രാക്‌സും സാര്‍സും എബോളയും സിക്ക വൈറസും ഉള്‍പ്പെടെ കേരളത്തെ പരിഭ്രാന്തിയിലാഴ്ത്തിയ മാരക രോഗങ്ങള്‍ വന്നപ്പോള്‍ നമ്മളതിനെ അക്കാലത്ത് ഒറ്റക്കെട്ടായി നേരിട്ടു. അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രിമാര്‍ക്ക് അപദാനം പാടാന്‍ സമൂഹമാധ്യമങ്ങളിലെ സൈബര്‍ പോരാളികളെന്ന സംവിധാനം അന്ന് ഇല്ലായിരുന്നല്ലോ… അല്ലേ ഷാൻ.
ഗുരുതരമായ വീഴ്ചകൾ വരുത്തിയ മന്ത്രിയെയും സർക്കാരിനെയും പാടി പുകഴ്ത്തുന്നതിൽ നിങ്ങൾക്ക് താല്പര്യം ഉണ്ടാകാം പക്ഷേ അതിന് തെറ്റുകൾ ചൂണ്ടിക്കാട്ടുന്ന പ്രതിപക്ഷത്തെ പരിഹസിക്കുന്നതെന്തിന്

– പി സി വിഷ്ണുനാഥ്