20,000 കോടിയുടെ കൊവിഡ് പാക്കേജ് ശുദ്ധ തട്ടിപ്പ്; യാഥാർത്ഥ്യങ്ങൾ അക്കമിട്ട് നിരത്തി പി.സി വിഷ്ണുനാഥ്

Jaihind News Bureau
Saturday, March 21, 2020

കൊവിഡ് പാക്കേജ് എന്ന പേരിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച 20,000കോടി ശുദ്ധ തട്ടിപ്പാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് പി.സി വിഷ്ണുനാഥ്. വലിയ ഉത്തേജക പാക്കേജായി ചില മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചതെല്ലാം സമര്‍ത്ഥമായ കബളിപ്പിക്കലാണെന്ന് സൂക്ഷ്മപരിശോധനയില്‍ തെളിയുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.

14000 കോടി രൂപ കുടിശിക കൊടുക്കുമെന്നതാണ് പാക്കേജിലെ ഏറ്റവും വലിയ തുക. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ സംസ്ഥാനത്ത് തുടര്‍ച്ചയായി ട്രഷറി നിയന്ത്രണമുണ്ട്. മുന്‍സിപ്പാലിറ്റിയിലും പഞ്ചായത്തിലും പോലും 50,000 രൂപയ്ക്ക് മേലെയുള്ള കരാറുകാരുടെ ബില്ല് മാറുന്നില്ല. അവര്‍ക്ക് കൊടുക്കാനുള്ള കുടിശിക കൊടുത്താലും ഇല്ലെങ്കിലും പഞ്ചായത്തിലും മുന്‍സിപ്പാലിറ്റിയിലും ഒറ്റ വര്‍ക്ക്‌പോലും ചെയ്യാന്‍ ആളില്ല എന്നതാണ് വസ്തുത. എല്ലാ പ്രവര്‍ത്തികളും സ്തംഭനാവസ്ഥയിലാണ്. അതുകൊണ്ട് ആ പതിനാലായിരം കോടി രൂപ കുടിശിക അവര്‍ക്ക് കൊടുക്കാനുള്ളത് കൊടുക്കുകയാണ്. അതിന് കൊറോണയുമായ് ഒരു ബന്ധവുമില്ല-വിഷ്ണുനാഥ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

പി.സി വിഷ്ണുനാഥിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

കൊറോണ കാലത്തെങ്കിലും ആളുകളെ കബളിപ്പിക്കാതെ ഇരുന്നുകൂടെ?
————————–

കോവിഡ് പാക്കേജ് എന്ന പേരില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച 20,000 കോടി ശുദ്ധ തട്ടിപ്പാണെന്ന് വ്യക്തമായിരിക്കയാണ്. വലിയ ഉത്തേജക പാക്കേജായി ചില മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചതെല്ലാം സമര്‍ത്ഥമായ കബളിപ്പിക്കലാണെന്ന് സൂക്ഷ്മപരിശോധനയില്‍ തെളിയും.

ഒന്ന്: 14000 കോടി രൂപ കുടിശിഖ കൊടുക്കുമെന്നതാണ് പാക്കേജിലെ ഏറ്റവും വലിയ തുക. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ സംസ്ഥാനത്ത് തുടര്‍ച്ചയായി ട്രഷറി നിയന്ത്രണമുണ്ട്. മുന്‍സിപ്പാലിറ്റിയിലും പഞ്ചായത്തിലും പോലും 50,000 രൂപയ്ക്ക് മേലെയുള്ള കരാറുകാരുടെ ബില്ല് മാറുന്നില്ല. അവര്‍ക്ക് കൊടുക്കാനുള്ള കുടിശിഖ കൊടുത്താലും ഇല്ലെങ്കിലും പഞ്ചായത്തിലും മുന്‍സിപ്പാലിറ്റിയിലും ഒറ്റ വര്‍ക്ക്‌പോലും ചെയ്യാന്‍ ആളില്ല എന്നതാണ് വസ്തുത. എല്ലാ പ്രവര്‍ത്തികളും സ്തംഭനാവസ്ഥയിലാണ്. അതുകൊണ്ട് ആ പതിനാലായിരം കോടി രൂപ കുടിശിഖ അവര്‍ക്ക് കൊടുക്കാനുള്ളത് കൊടുക്കുകയാണ്. അതിന് കൊറോണയുമായ് ഒരു ബന്ധവുമില്ല.

രണ്ട്: തൊഴിലുറപ്പ് പദ്ധതിയിലെ 2,000 കോടി രൂപയുമായ് ബന്ധപ്പെട്ടതാണ്. തൊഴിലുറപ്പ് പദ്ധതി ഒരു കേന്ദ്രപദ്ധതിയാണ്. അതിന്റെ പണം കേന്ദ്രത്തില്‍ നിന്ന് കിട്ടുന്നതാണ്; കിട്ടുന്ന മുറയ്ക്ക് വിതരണം ചെയ്യുന്നതുമാണ്. യു പി എ സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ച ഈ പഴയ പദ്ധതിയെ പുതിയ പാക്കേജില്‍ കൊണ്ടുവരുന്നത് എന്തിനാണ്?

മൂന്ന്: ക്ഷേമ പെന്‍ഷനുകള്‍ രണ്ട് മാസത്തേത് കൊടുക്കുമെന്നാണ് പറയുന്നത്. ക്ഷേമപെന്‍ഷനുകള്‍ കൊടുക്കുന്നത് അഞ്ച് മാസമായി കുടിശിഖയാണ്. അഞ്ച് മാസം കുടിശിഖയായ ക്ഷേമപെന്‍ഷന്‍ അഞ്ച് മാസവും പൂര്‍ണമായും കൊടുക്കാന്‍ ബാധ്യസ്ഥരായ സര്‍ക്കാര്‍ അതിലെ രണ്ട് മാസം മാത്രം കൊടുക്കുന്നത് കൊറോണ പാക്കേജാണെന്ന് പറയുന്നത് കൊറോണയേക്കാള്‍ വലിയ ക്രൂരതയാണ്.

നാല്: കുടുംബശ്രീ മിഷന്‍ വഴി വായ്പയെടുക്കാനുള്ള അനുവാദം മാത്രം നല്‍കിയാണ് അടുത്ത കബളിപ്പിക്കല്‍. പ്രളയത്തിന്റെ സമയത്ത് വ്യക്തിപരമായ നഷ്ടമുണ്ടായവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് ആദ്യം പറയുകയും അത് കുടുംബശ്രീ മുഖേനയുള്ള വായ്പയാക്കി മാറ്റുകയും ചെയ്തിരുന്നു.
അതുപോലെ കുടുംബശ്രീയ്ക്ക് വായ്പ എടുക്കാന്‍ കൊടുക്കുന്ന അനുവാദമാണ് 2000 കോടി രൂപ.

അഞ്ച്: ഇരുപത് രൂപയുടെ ഭക്ഷണശാലികള്‍ കൊറോണയെല്ലാം വരുന്നതിന് മുമ്പുള്ള ബജറ്റ് പ്രഖ്യാപനമാണ്. അതും കൊറോണയുമായ് എന്തു ബന്ധം?

ആറ്: അഞ്ഞൂറുകോടിയുടെ ആരോഗ്യ പാക്കേജുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ആരോഗ്യ ഇന്‍ഷുറന്‍സാണോ? രോഗം വരുന്നവര്‍ക്കുള്ള അധിക സഹായമാണോ എന്നൊന്നും ഇതിനൊപ്പം പറയുന്നില്ല. ആയുഷ്മാന്‍ ഭാരത് എന്ന കേന്ദ്ര പദ്ധതിയെപ്പറ്റിയാണെങ്കില്‍ അതേക്കുറിച്ചെങ്കിലും വിശദീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം.

ഇതൊക്കെ മാറ്റി നിർത്തി പരിശോധിച്ചാൽ സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിനുള്ള 100 കോടിയും, അന്ത്യോദയ കുടുംബങ്ങൾക്ക് സഹായമായി ലഭിക്കുന്ന 60 കോടിയും മോട്ടോർ വാഹന നികുതി ഇളവ് ആയ 24 കോടിയും ചേർത്താൽ 184 കോടി രൂപയുടെ സഹായത്തെ 20,000 കോടി ആക്കുന്ന കബളിപ്പിക്കൽ ആണ്
ഇവിടെ മുഖ്യമന്ത്രി നടത്തിയത്

ക്രൂഡോയില്‍ വില ചരിത്രത്തിലെ ഏറ്റവും താഴ്ന്നപ്പോള്‍ ഇന്ധന വില കൂട്ടി കേന്ദ്രസര്‍ക്കാർ ഒരു വശത്ത് ജനങ്ങളെ കൊള്ളയടിക്കുന്നു; മറുവശത്ത് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിപരമായ് കബളിപ്പിക്കുന്നു.
ജനങ്ങള്‍ വളരെയേറെ പരിഭ്രാന്തിയിലും ദുരിതത്തിലും കഴിയുന്ന ഈ കാലത്തെങ്കിലും കബളിപ്പിക്കല്‍ പദ്ധതികള്‍ക്ക് ‘മൊറട്ടോറിയം’ പ്രഖ്യാപിക്കാന്‍ തോമസ് ഐസക്കും എല്‍ ഡി എഫ് സര്‍ക്കാറും തയ്യാറാവണം.

– പി സി വിഷ്ണുനാഥ്