സ്പ്രിങ്ക്ളർ വിവാദം എന്താണ്? അക്കമിട്ട് വിശദീകരിച്ച് പി.സി.വിഷ്ണുനാഥ്

സ്പ്രിങ്ക്‌ളര്‍ വിവാദത്തെക്കുറിച്ച് അക്കമിട്ട് വിശദീകരിച്ച് കെപിസിസി വൈസ് പ്രസിഡന്‍റ് പി.സി വിഷ്ണുനാഥ്. സംസ്ഥാനത്തെ കോവിഡ് രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും ആരോഗ്യ ഡാറ്റാ, ആരോഗ്യ പ്രവർത്തകർ ശേഖരിക്കേണ്ട ഉത്തരവാദിത്തം സ്പ്രിങ്ക്ളർ എന്ന അമേരിക്കൻ കമ്പനിക്ക് നൽകാൻ സർക്കാർ തീരുമാനിച്ച കാര്യം മുതല്‍ പ്രതിപക്ഷത്തിന്‍റെ ഇടപെടലും തുടർന്നുള്ള ഓരോ സംഭവവികാസങ്ങളും സർക്കാരിന്‍റെ ഇരട്ടത്താപ്പും എല്ലാം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പി.സി.വിഷ്ണുനാഥ് വ്യക്തമാക്കി.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

യഥാർത്ഥത്തിൽ സ്പ്രിങ്ക്ളർ വിവാദം എന്താണ്?
➖➖➖➖
സംസ്ഥാനത്തെ കോവിഡ് രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും ആരോഗ്യ ഡാറ്റാ, ആരോഗ്യ പ്രവർത്തകർ ശേഖരിക്കേണ്ട ഉത്തരവാദിത്തം സ്പ്രിങ്ക്ളർ എന്ന അമേരിക്കൻ കമ്പനിക്ക് നൽകാൻ സർക്കാർ തീരുമാനിക്കുന്നു.

ഏപ്രിൽ 10ന് പ്രതിപക്ഷ നേതാവ് ഈ ആരോപണം പുറത്തു പറയുന്നതുവരെ ഇങ്ങനൊരു വിവരമേ ആർക്കും അറിയില്ലായിരുന്നു. മുഖ്യമന്ത്രിയുടെ പ്രതിദിന വാർത്താ പരിപാടിയിൽ പോലും, പ്രധാനപ്പെട്ട ഈ വിവരം പങ്കുവെക്കപ്പെട്ടിരുന്നില്ല.

അങ്ങനെ കൈമാറുന്നതിലെ പ്രശ്നങ്ങൾ എന്തെല്ലാം?
1. നടപടിക്രമങ്ങളിൽ സംഭവിച്ച ചട്ടലംഘനം
A. നിയമാവകുപ്പ് ഇങ്ങനൊരു കരാർ പോലും കണ്ടിട്ടില്ല
B.ഒരു വിദേശ കമ്പനിയുമായി ഉണ്ടാക്കിയ ഈ കരാർ ധനകാര്യ വകുപ്പ് കണ്ടിട്ടില്ല.
പ്രതിപക്ഷ നേതാവ് ഇങ്ങനെയൊരു കമ്പനി, ഇവിടത്തെ ജനങ്ങളുടെ ആരോഗ്യ ഡാറ്റ എടുക്കാൻ പോവുന്നു എന്നാരോപിച്ചതിനെത്തുടർന്ന്, എല്ലാ ഉത്തരവാദിത്തവും എന്റെയാണ് എന്നു പറഞ്ഞു കൊണ്ട് എം ശിവശങ്കരൻ രംഗത്ത് വന്നു. സി.പി.ഐ നേതാക്കളെ എം. എൻ സ്മാരകത്തിൽ കണ്ടു
പോലും അതു വിശദീകരിക്കാൻ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത് ഈ ഐ. എ. എസുകാരനെയാണ്.
2. കരാറിന്റെ നിയമവിരുദ്ധത
A. പുട്ടസ്വാമിക്കേസിലെ സുപ്രീം കോടതി വിധി പ്രകാരം, സ്വകാര്യത മൗലികാവകാശങ്ങളിൽപ്പെടുന്നു. ഒരു പൗരന്റെ അനുവാദമില്ലാതെ അവന്റെ സ്വകാര്യ ആരോഗ്യ വിവരങ്ങൾ, ഒരു അമേരിക്കൻ കമ്പനിക്ക് നൽകുന്നത് ഈ അവകാശത്തിന്റെ ലംഘനമാണ്. കൈമാറ്റത്തിനായുള്ള വിവരശേഖരണത്തിന് മുൻപ് ‘ഇൻഫോംഡ് കൺസെന്റ്’ ജനങ്ങളോട് വാങ്ങിച്ചിട്ടില്ല.
B. വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതക്കെതിരെ ഒരു മുൻകരുതലുമില്ല.
3. കോടതിയിൽ സംഭവിച്ചത്:
*കോടതിയിൽ സർക്കാർ വാദിച്ചത്
ജോൺഹോപ്‌കിൻസ് സർവകലാശാല മാർച്ച്‌ 24നു നൽകിയ റിപ്പോർട്ടിൽ കേരളത്തിൽ 80 ലക്ഷം കോവിഡ് ബാധിതരുണ്ടാവാം; ഇത്രയും പേരുടെ ആരോഗ്യ വിവരങ്ങൾ വിശകലനം ചെയ്യാൻ സ്പ്രിങ്ക്ളറുടെ സഹായമില്ലെങ്കിൽ കേരളത്തിന്റെ കോവിഡ് പ്രതിരോധം മുന്നോട്ടു പോവില്ല!
കോടതി ആ ഭാഗം മുഖവിലക്കെടുത്തു.
സ്പ്രിങ്ക്ളർ ഇല്ലാതെ കോവിഡ് പ്രതിരോധം മുന്നോട്ടു പോവില്ല എന്നൊരു സർക്കാർ പറഞ്ഞാൽ, അതിനെ മുഖവിലക്കെടുക്കാൻ മാത്രമേ ഏതൊരു കോടതിക്കും സാമാന്യമായി സാധിക്കുകയുള്ളൂ. അതിനാൽ ഇത്തരമൊരു മഹാമാരിയുടെ ഘട്ടത്തിൽ
സ്പ്രിങ്ക്ളറിന്റെ സേവനം റദ്ദാക്കാൻ കോടതി ഉത്തരവ് നൽകിയില്ല.
* എന്നാൽ, പ്രതിപക്ഷം പങ്കുവെച്ച പ്രധാന ആശങ്കകളെയെല്ലാം കോടതി മുഖവിലയ്ക്കെടുത്തു.
A. വിവരശേഖരണത്തിന് മുൻപ്, ‘ഇൻഫോംഡ് കൺസന്റ്’ വാങ്ങണമെന്ന് നിഷ്കർഷിച്ചു.
B. വിവരങ്ങൾ സ്പ്രിങ്ക്ളറിനു കൈമാറും മുൻപ്, ‘അനോണിമൈസ്’ ചെയ്യണമെന്ന് നിർദ്ദേശിച്ചു.
C. സ്പ്രിംക്ലർ കൈവശം വെക്കുന്ന സെക്കന്ററി ഡാറ്റ ഡിലീറ്റ് ചെയ്തുവെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്ന് നിർദ്ദേശിച്ചു.
4. സർക്കാരിന്റെ വാദത്തിലെ പൊള്ളത്തരം വ്യക്തമാകുന്നു:
കോടതി മുഖവിലക്കെടുത്ത സർക്കാരിന്റെ ആ വാദം ഒരു നുണയായിരുന്നു എന്ന് പിന്നീട് വ്യക്തമായതാണ്.
രോഗികൾ വർധിച്ചു വരുമ്പോൾ വിവര വിശകലനത്തിന് സ്പ്രിങ്ക്ളർ ഇല്ലാതെ കോവിഡ് പ്രതിരോധിക്കാൻ സാധിക്കില്ല എന്നു പറഞ്ഞ സർക്കാർ, പിന്നീട് ഇന്ത്യയിലെ പ്രതിദിന കേസുകളിൽ, കേരളം ഒന്നാം സ്ഥാനത്തെത്തുന്ന സന്ദർഭത്തിൽ കരാർ ഉപേക്ഷിച്ചു! അസാധാരണ കാലത്തെ അസാധാരണ നടപടി എന്നു പറഞ്ഞു കൈക്കൊണ്ട ഈ ദുരൂഹമായ കരാർ മൂലം എന്ത് സംഭവനയാണ് കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന് സ്പ്രിങ്ക്ളർ നൽകിയതെന്ന് വ്യക്തമാക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്.
5. രണ്ടംഗ സമിതിയുടെ കണ്ടെത്തലുകൾ:
കരാർ വിവാദമായപ്പോൾ നിയോഗിക്കപ്പെട്ട സമിതിയുടെ കണ്ടെത്തലുകൾ പ്രതിപക്ഷം മുൻപ് ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നു.
A. നിയമാവകുപ്പിനെ കരാർ കാണിക്കാതിരുന്നത് ഗുരുതര വീഴ്ച
B. ഒരു ലക്ഷത്തിനു മുകളിൽ പേരുടെ, വ്യക്തിഗത ആരോഗ്യ വിവരങ്ങൾ സ്പ്രിങ്ക്ളറിനു ലഭിച്ചിട്ടുണ്ടാവാം
മാധ്യമ വാർത്തകളിലൂടെ റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തുവരുന്നത് ഈ രീതിയിലാണ്. റിപ്പോർട്ട്‌ പ്രസിദ്ധപ്പെടുത്താൻ ഗവണ്മെന്റ് തയ്യാറാവണമെന്ന് പ്രതിപക്ഷമുൾപ്പെടെ ആവശ്യപ്പെടുന്നു.
അതുപോലെ എന്തായിരുന്നു അടിയന്തരമായി സ്പ്രിങ്ക്ളർ ഉപയോഗിക്കേണ്ട സംസ്ഥാനത്തിന്റെ സോഫ്റ്റ്‌വെയർ റിക്വയർമെന്റ് എന്നും സ്പ്രിങ്ക്ളർ എത്രമാത്രം എഫക്ടീവ് ആയ റിസൾട്ട് നൽകിയെന്നും ഇപ്പോൾ എന്ത് ബദൽ മാർഗം കണ്ടെത്തിയത് കൊണ്ടാണ് സ്പ്രിങ്ക്ളർ ഉപയോഗിക്കാത്തത് എന്നും
സംസ്ഥാന സർക്കാർ ജനങ്ങളോട് വിശദീകരിക്കണം.
വസ്തുത ഇതായിരിക്കെ ഇപ്പോഴും ചില സ്നേഹിതർ പറയുന്നത്, “നിങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ എല്ലാ വിവരങ്ങളും ചോരുന്നുണ്ട്” എന്നെല്ലാമാണ്. വലിയ വ്യത്യാസമുണ്ട്. നിങ്ങൾ സ്മാർട്ട്‌ഫോൺ വാങ്ങണോ, ഇന്‍റർനെറ്റ്‌ ഉപയോഗിക്കണോ, വിവിധ അപ്ലിക്കേഷനുകൾ ഉപയോഗിക്കണോ എന്നുള്ളത് നിങ്ങളുടെ വ്യക്തിപരമായ തീരുമാനമാണ്. ആ തീരുമാനത്തിനും അവരുടെ പോളിസികൾ അംഗീകരിക്കുന്നതായി സമ്മതം നൽകിയതിനും ശേഷം വിവരച്ചോർച്ച സംഭവിക്കുന്നു എന്നത് രണ്ടാമത്തെ കാര്യം.
ഇവിടെ ഒരു സാധാരണ പൗരന്‍റെ കയ്യിൽ നിന്നും ആശാ വർക്കർമാരോ, ആരോഗ്യ പ്രവർത്തകരോ വാങ്ങുന്ന ഒരു വിവരം, ഒരു വിദേശ കമ്പനിക്ക് സർക്കാർ വ്യക്തിയുടെ അനുവാദം വാങ്ങാതെ കൈമാറുകയാണ് ചെയ്തത്. പ്രാഥമികമായ ഇത്തരം കാര്യങ്ങൾ പോലും, ഗുരുതരമായ ഇത്തരം അവകാശലംഘനങ്ങൾ പോലും സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ എന്താണ് മനസിലാക്കാത്തതെന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു.
– പി സി വിഷ്ണുനാഥ്

https://www.facebook.com/pcvishnunadh.in/posts/2086589111472435

Comments (0)
Add Comment