കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട വിഷയത്തില്‍ മൗനം പാലിക്കുകയും കൊലയാളിപ്പാര്‍ട്ടിയായ സി.പി.എമ്മിനെ ന്യായീകരിക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്യുന്ന സാംസ്കാരിക പ്രവര്‍ത്തകരെ വിമര്‍ശിച്ച് പി.സി. വിഷ്ണുനാഥ്. കേരളത്തിലെ സി പി എമ്മിന് കൊല്ലാനൊരു സംഘമുണ്ട്; കൊന്നവനുവേണ്ടി കേസില്‍ പ്രതിയാകാനൊരു സംഘമുണ്ട്; കേസ് നടത്താന്‍ മറ്റൊരു സംഘം ഉണ്ട്; ഇതിനെയെല്ലാം ന്യായീകരിക്കാന്‍ സാംസ്കാരിക നായകന്മാരുടെയും ന്യൂജനറേഷന് ചലച്ചിത്ര സംവിധായകരുടെയും ഒരു സംഘം വേറെയുണ്ട് – പി.സി. വിഷ്ണുനാഥ് ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി. അധികാരത്തിന്റെ ശീതളച്ഛായയില്‍ മേലാളന്മാര് എറിഞ്ഞുകൊടുക്കുന്ന അക്കാദമിയുടെയും പുരസ്കാരത്തിന്റെയും എല്ലിന് കഷ്ണങ്ങള്‍ക്കുവേണ്ടി വിനീതവിധേയരായി വാലാട്ടി നില്‍ക്കേണ്ടവരല്ല എഴുത്തുകാരനെന്നും പി.സി. വിഷ്ണുനാഥ് ഓര്‍മ്മിപ്പിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
എറണാകുളം മഹാരാജാസിലെ കൊലപാതകവും കാസര്‍ഗോട്ടെ കൊലപാതകവും രണ്ടാണെന്ന ന്യായീകരണവുമായ് ചില സാംസ്കാരിക നായകന്മാരും നായികമാരും രംഗത്തിറങ്ങിയിട്ടുണ്ട്. ശരിയാണ്, എറണാകുളത്ത് കൊലപാതകം നടത്തിയത് വര്‍ഗീയവാദികളാണ്; കാസര്‍ഗോഡ് പെരിയയില്‍ കൊല നടത്തിയത് പുരോഗമനവാദികളാണ്. എന്ന് മാത്രമല്ല, കാസര്‍ഗോട്ടെ കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടത് രണ്ടാം നവോത്ഥാന കാലത്തായതുകൊണ്ട് ഈ കൊലപാതകം നവോത്ഥാന കൊലപാതകങ്ങളുടെ പട്ടികയിലേക്കാണ് വരുന്നത്!
കേരളത്തിലെ സി പി എമ്മിന് കൊല്ലാനൊരു സംഘമുണ്ട്; കൊന്നവനുവേണ്ടി കേസില്‍ പ്രതിയാകാനൊരു സംഘമുണ്ട്; കേസ് നടത്താന്‍ മറ്റൊരു സംഘം ഉണ്ട്; ഇതിനെയെല്ലാം ന്യായീകരിക്കാന്‍ സാംസ്കാരിക നായകന്മാരുടെയും ന്യൂജനറേഷന് ചലച്ചിത്ര സംവിധായകരുടെയും ഒരു സംഘം വേറെയുണ്ട്.
പുരോഗമനപക്ഷത്ത് നിലയുറപ്പിക്കുന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ സമൂഹത്തിലും രാഷ്ട്രീയത്തിലും തിരുത്തല്‍ ശക്തികളായി മാറേണ്ടവരാണ്. അധികാരത്തിന്റെ ശീതളച്ഛായയില്‍ മേലാളന്മാര് എറിഞ്ഞുകൊടുക്കുന്ന അക്കാദമിയുടെയും പുരസ്കാരത്തിന്റെയും എല്ലിന് കഷ്ണങ്ങള്‍ക്കുവേണ്ടി വിനീതവിധേയരായി വാലാട്ടി നില്‍ക്കേണ്ടവരല്ല. എഴുത്തുകാരന് എന്നും പ്രതിപക്ഷത്താവണം. അവന് എന്നും മാനവികതയുടെ പക്ഷത്താവണം. ഭരണവിലാസം സംഘടനകളുടെ ചെലവ് പറ്റിയും നേതാക്കളുടെ പാദുകങ്ങള്‍ തുടച്ച് കൊടുത്തും അപദാനങ്ങള്‍ പാടിയും നടക്കുന്നവരെ സാംസ്കാരിക നായകരെന്നല്ല വിളിക്കേണ്ടത്. ഒപ്പം നടന്ന്, എല്ലാ കൊള്ളരുതായ്മകള്‍ക്കും കൂടപിടിക്കുന്ന നിങ്ങള്‍ കാലത്തോട്, സമൂഹത്തോടെ ചെയ്യുന്നത് കൊടും പാതകമാണ്. കാരണം സി പി എമ്മിനെ ഇത്രയും ക്രൂരമായ് പ്രവര്‍ത്തിക്കുന്ന ഒരു ക്രിമിനല്‍ സംഘമാക്കി മാറ്റിയതില്‍ പിന്നണിപ്പാട്ടുകാരായ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കുള്ള പങ്ക് വളരെ വലുതാണ്. നിങ്ങളും കൂടിയാണ് അവരുടെ തെറ്റുകളെ വെള്ളപൂശുന്നത്. കാസര്‍ഗോട്ടെ രണ്ട് യുവാക്കളുടെ ചോരയില്‍ നിങ്ങള്‍ക്കും പങ്കുണ്ട്.
പണ്ട് കൊല ചെയ്യപ്പെട്ടവരുടെ പട്ടികയും താരതമ്യപഠനവുമെല്ലാമായി പാര്‍ട്ടിക്കുവേണ്ടി നിറഞ്ഞാടുന്ന അത്തരം രൂപങ്ങളെ കാണുമ്പോള്‍ പുച്ഛം തോന്നുന്നു. കേരളീയ പൊതുബോധം ഈ കാപട്യം തിരിച്ചറിയുന്നു. മനുഷ്യസ്നേഹത്തിന്റെ ഗരിമകളെപ്പറ്റി നാലുവരി എഴുതിയാലൊന്നും നിങ്ങള്‍ ഉദാത്ത മനുഷ്യസ്നേഹിയാവില്ല. കണ്ണീരുവറ്റാത്ത അമ്മമാരുടെ നെഞ്ചുപിളര്‍ക്കുന്ന രോദനം കേള്‍ക്കാനുള്ള സന്മനസ്സ് ഉണ്ടാവണം. അതുണ്ടാവണമെങ്കില്‍ ഒരു വശത്തേക്ക് മാത്രം കേള്‍ക്കുന്ന കാതുകള്‍ വിശാലമായ് തുറന്നിടണം.
പക്ഷെ നിങ്ങള്‍ക്ക് ഭയമാണ്; ഭയത്തേക്കാളുപരി വിധേയത്വമാണ്; അടിമബോധമാണ്.
ഹാ കഷ്ടം കൂട്ടരെ…
ഇനിമേല്‍ മാനവികതയെപ്പറ്റി വളിപ്പന്‍, വഴുവഴുപ്പന്‍ പ്രഭാഷണങ്ങളുമായ് ഈ വഴിക്ക് കണ്ടുപോകരുത് ഒറ്റയെണ്ണത്തിനെയും…
-പി സി വിഷ്ണുനാഥ്