തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിനെതിരെ പി.സി. വിഷ്ണുനാഥ് എംഎൽഎ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. മന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്. മുമ്പ് സഭയിൽ പറഞ്ഞ കാര്യങ്ങൾ ബാലഗോപാൽ തന്നെ ഇപ്പോൾ മാറ്റി പറഞ്ഞതായി നോട്ടീസില്‍ അദ്ദേഹം വ്യക്തമാക്കി. ക്ഷേമപെൻഷനുകളുടെ വിശദാംശളെ സംബന്ധിച്ചായിരുന്നു സഭയില്‍ പരാമർശിച്ചത്. ധനകാര്യ മന്ത്രി ബോധപൂർവ്വം സഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിക്കുന്നതിനായി വസ്തുതാ വിരുദ്ധമായ പരാമർശങ്ങൾ നടത്തിയതായി ബോധ്യപ്പെട്ടിരിക്കുന്നുവെന്നും അതിനാൽ ധനകാര്യ മന്ത്രി ശ്രീ. കെ. എൻ. ബാലഗോപാലിനെതിരെ നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരം അവകാശലംഘനത്തിന് നടപടി സ്വീകരിയ്ക്കണമെന്നും അഭ്യർത്ഥിച്ചുകൊണ്ടായിരുന്നു നോട്ടീസ്.
ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി ശ്രീ കെ എൻ ബാലഗോപാലിനെതിരെ താഴെ പറയുന്ന കാരണങ്ങളാല്‍ നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരം അവകാശലംഘനത്തിന് നോട്ടീസ് നല്‍കുന്നു.
പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിൽ 29.01.24ന് സാമൂഹ്യക്ഷേമ പെൻഷൻ മുടങ്ങിയത് സംബന്ധിച്ച അടിയന്തര പ്രമേയത്തിനുള്ള അവതരണ അനുമതി ചർച്ച ചെയ്യുന്ന സന്ദർഭത്തിൽ, ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി ശ്രീ. കെ. എൻ. ബാലഗോപാൽ – ” വിഎസ് അച്യുതാനന്ദൻ ഗവൺമെന്റ് ആണ് 120 രൂപ പെൻഷൻ ഘട്ടം ഘട്ടമായി വർദ്ധിപ്പിച്ച് 500 രൂപയാക്കിയത്. അതിനുശേഷം ആണ് 2011 ൽ ഉമ്മൻചാണ്ടി ഗവൺമെന്റ് വന്നത്. ആ ഗവൺമെന്റ് വന്നിട്ട് എന്താണ് ഉണ്ടായത്? 500 രൂപ എന്നുള്ളത് ഒരു സമയത്ത് 600 രൂപയാക്കും എന്ന് പറഞ്ഞതല്ലാതെ അത് കൊടുത്തില്ലല്ലോ. ” എന്ന് സഭയിൽ പരാമർശം നടത്തിയതിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു.
എന്നാൽ പതിനഞ്ചാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിൽ സംസ്ഥാനത്ത് നൽകിവരുന്ന ക്ഷേമപെൻഷനുകളുടെ വിശദാംശങ്ങൾ സംബന്ധിച്ച് 8.6.21 ലെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം നമ്പർ 324ന് ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി തന്നെ നൽകിയ മറുപടി പരിശോധിക്കുമ്പോൾ അദ്ദേഹത്തിന്റെ മേൽപ്പറഞ്ഞ പരാമർശങ്ങൾ വസ്തുതാ വിരുദ്ധമാണ് എന്നത് വ്യക്തമാണ്.
പ്രസ്തുത ഉത്തരത്തിന്റെ അനുബന്ധം ഒന്നിൽ കർഷക തൊഴിലാളി പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ ഡിസെബിലിറ്റി പെൻഷൻ സ്കീം, 50 വയസ്സു കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ സ്കീം എന്നിവയുടെ 1.4.2010 ലെ നിരക്ക് 300 രൂപയും 1.4.2011 ലെ നിരക്ക് 400 രൂപയും ആയിരുന്നു എന്ന് വ്യക്തമാക്കിയിരിക്കുന്നു. പ്രസ്തുത പെൻഷനുകളുടെ പിന്നീടുള്ള വർഷങ്ങളിലെ പുതുക്കിയ നിരക്കും അനുബന്ധത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നിന്നും അച്യുതാനന്ദൻ മന്ത്രിസഭയുടെ കാലത്ത് 500 രൂപയായി പെൻഷൻ വർദ്ധിപ്പിച്ചു എന്ന പ്രസ്താവന തെറ്റാണ് എന്ന് വ്യക്തമാണ്.
കൂടാതെ കർഷക തൊഴിലാളി പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ തുടങ്ങിയവ 1.4.2013ൽ 500 രൂപ നിരക്കിലും 1.4.14ൽ 600 രൂപ നിരക്കിലും വിതരണം ചെയ്തതിന്റെ വിശദാംശങ്ങളും പ്രസ്തുത മറുപടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 1.4.14ൽ, 75 വയസ്സിന് മുകളിലുള്ളവർക്ക് വാർദ്ധക്യകാല പെൻഷൻ 1200 രൂപയായും ഇന്ദിരാഗാന്ധി ദേശീയ ഡിസബിലിറ്റി പെൻഷൻ സ്കീമിൽ 80 ശതമാനത്തിൽ താഴെ വൈകല്യമുള്ളവർക്ക് 800 രൂപയും 80 ശതമാനത്തിൽ മുകളിൽ വൈകല്യമുള്ളവർക്ക് 1100 രൂപയും നിരക്കിൽ പെൻഷൻ നൽകിയിരുന്നതായും വ്യക്തമാക്കിയിരിക്കുന്നു. ഇതിൽനിന്നും ഉമ്മൻചാണ്ടി സർക്കാർ സാമൂഹ്യ ക്ഷേമ പെൻഷൻ 600 രൂപയാക്കി വർദ്ധിപ്പിക്കുമെന്ന് പറഞ്ഞതല്ലാതെ നടപ്പാക്കിയില്ല എന്ന ധനകാര്യ മന്ത്രിയുടെ പ്രസ്താവനയും വസ്തുതാ വിരുദ്ധമാണെന്ന് അദ്ദേഹം തന്നെ സഭയിൽ സമർപ്പിച്ച രേഖയിൽ നിന്നും വ്യക്തമായിരിക്കുന്നു.
കൂടാതെ, “2006ൽ ഇടത് സർക്കാർ അധികാരത്തിൽ വരുമ്പോൾ രണ്ടര വർഷം പെൻഷൻ കുടിശിക വരുത്തിയിട്ടാണ് എ. കെ. ആന്റണി സർക്കാർ അധികാരമൊഴിഞ്ഞത്. രണ്ടര വർഷം എന്നു പറഞ്ഞാൽ 30 മാസമാണ്. യുഡിഎഫിനെ സംബന്ധിച്ച് ഇതൊരു പുതിയ കാര്യമല്ല ” എന്ന ഒരു പ്രസ്താവന കൂടി അദ്ദേഹം ഇതേ പ്രസംഗത്തിൽ നടത്തിയിരുന്നു. ഈ കാര്യത്തിലുള്ള വസ്തുത ബോധ്യപ്പെടുത്തുന്നതിന് വേണ്ടി പന്ത്രണ്ടാം കേരള നിയമസഭയുടെ കാലയളവിൽ 2007 മാർച്ച് 7-ലെ നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യം നമ്പർ 148ന് അന്നത്തെ ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി പി.കെ. ശ്രീമതി രേഖാമൂലം നൽകിയ മറുപടിയിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു.
പ്രസ്തുത ചോദ്യത്തിന്റെ മറുപടിയിൽ സാമൂഹ്യ ക്ഷേമ പെൻഷൻ പദ്ധതികളായ വാർദ്ധക്യകാല പെൻഷൻ, അബലകൾ, അഗതികൾ, ക്ഷയരോഗികൾ തുടങ്ങിയവർക്ക് നൽകുന്ന പെൻഷൻ തുടങ്ങിയ പെൻഷൻ പദ്ധതികൾ പ്രകാരം നൽകിവരുന്ന ആനുകൂല്യങ്ങളിൽ മുൻ സർക്കാരിന്റെ ഭരണ കാലത്ത് ( അതായത് 2001-06 കാലത്ത് ) കുടിശ്ശിക ഉണ്ടായിട്ടില്ല എന്ന് അറിയിച്ചിരിക്കുന്നു. ഈ രേഖയിൽ നിന്നും എ കെ ആന്റണി സർക്കാർ അധികാരമൊഴിയുമ്പോൾ രണ്ടരവർഷം സാമൂഹ്യ ക്ഷേമ പെൻഷൻ കുടിശിക ഉണ്ടായിരുന്നു എന്ന ധനകാര്യ മന്ത്രിയുടെ പ്രസ്താവനയും വസ്തുത വിരുദ്ധമാണെന്ന് വ്യക്തമായിരിക്കുന്നു.
മേൽപ്പരാമർശിച്ച രേഖകളിൽ നിന്നും ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി ബോധപൂർവ്വം സഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിക്കുന്നതിനായി വസ്തുതാ വിരുദ്ധമായ പരാമർശങ്ങൾ നടത്തിയതായി ബോധ്യപ്പെട്ടിരിക്കുന്നു. ആയതിനാൽ ധനകാര്യ മന്ത്രി ശ്രീ. കെ. എൻ. ബാലഗോപാലിനെതിരെ നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരം അവകാശലംഘനത്തിന് നടപടി സ്വീകരിയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
മേൽപ്പരാമർശിച്ച നിയമസഭാ ചോദ്യങ്ങളുടെ മറുപടിയുടെ പകർപ്പ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.