‘യെച്ചൂരി പറയുമ്പോൾ ശരിയും യുഡിഎഫ് ചൂണ്ടിക്കാണിക്കുമ്പോൾ തെറ്റുമാവുന്നതെങ്ങനെ?’ ; വാക്സിന്‍ പ്രഖ്യാപനത്തില്‍ സിപിഎം ഇരട്ടത്താപ്പിനെതിരെ പി.സി വിഷ്ണുനാഥ്

Jaihind News Bureau
Sunday, December 13, 2020

 

തിരുവനന്തപുരം: സൗജന്യ കൊവിഡ് വാക്‌സിന്‍ പ്രഖ്യാപനത്തില്‍ സിപിഎം ഇരട്ടത്താപ്പിനെതിരെ കെപിസിസി വൈസ് പ്രസിഡന്‍റ് പി.സി വിഷ്ണുനാഥ്. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് സൗജന്യമായി കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു വിഷ്ണുനാഥിന്‍റെ പ്രതികരണം.

കൊവിഡ് വാക്സിൻ സൗജന്യമായി നൽകേണ്ടത് കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ കടമയാണ്. അത് തെരഞ്ഞെടുപ്പു മാനദണ്ഡങ്ങൾ നിലവിലിരിക്കെ വാഗ്ദാനം ചെയ്യുന്നത് അധാർമ്മികവും തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനവുമാണ്. അത് നിർമ്മലാ സീതാരാമൻ ചെയ്താലും പിണറായി വിജയൻ ചെയ്താലും. ഇക്കാര്യം  സീതാറാം യെച്ചൂരി പറയുമ്പോൾ ശരിയും യുഡിഎഫ് ചൂണ്ടിക്കാണിക്കുമ്പോൾ തെറ്റുമാവുന്നതെങ്ങനെയെന്നും പി.സി വിഷ്ണുനാഥ് ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. വാക്സിൻ എല്ലാപേർക്കും സൗജന്യമായി നൽകണം എന്നു തന്നെയാണ് യുപിഎയുടെയും യുഡിഎഫിന്‍റെയും നിലപാടെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
“കേന്ദ്ര ധനമന്ത്രി സൗജന്യ കോവിഡ് വാക്സിൻ വാഗ്ദാനം ചെയ്തു ബീഹാറിലെ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നാണം കെട്ട ലംഘനമാണ്. എല്ലാ ഇന്ത്യക്കാർക്കും അതു നൽകുക എന്നത്, കേന്ദ്ര ഗവണ്മെന്റിന്റെ ഉത്തരവാദിത്വമാണ്. ഇലക്ഷൻ കമ്മീഷൻ സ്വമേധയാ നടപടിയെടുക്കാൻ വിസമ്മതിക്കുകയാണ്”
ഇത് ബീഹാർ തെരഞ്ഞെടുപ്പു കാലത്ത് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയാണ്. കോവിഡ് വാക്സിൻ സൗജന്യമായി നൽകേണ്ടത് കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ കടമയാണ്. അത് തെരഞ്ഞെടുപ്പു മാനദണ്ഡങ്ങൾ നിലവിലിരിക്കെ വാഗ്ദാനം ചെയ്യുന്നത്, അധാർമ്മികവും തെരഞ്ഞെടുപ്പു പെരുമാറ്റച്ചാട്ടങ്ങളുടെ ലംഘനവുമാണ്. അത് നിർമ്മലാ സീതാരാമൻ ചെയ്താലും പിണറായി വിജയൻ ചെയ്താലും…
ഇത് സീതാറാം യെച്ചൂരി പറയുമ്പോൾ ശരിയും, യു ഡി എഫ് ചൂണ്ടിക്കാണിക്കുമ്പോൾ തെറ്റുമാവുന്നതെങ്ങനെ?
വാക്സിൻ എല്ലാവർക്കും സൗജന്യമായ് നൽകണം എന്നു തന്നെയാണ് യുപിഎ യുടെയും യുഡിഎഫിൻ്റെയും നിലപാട്.