കേരള കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ് എന്‍.ഡി.എ വിട്ട് യു.ഡി.എഫില്‍ ചേരാന്‍ തയ്യാറെടുക്കുന്നു. ഇതു സംബന്ധിച്ച പാർട്ടി തീരുമാനം നാളെയുണ്ടാവും. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് ഘടകകക്ഷിയാകണമെന്നാണ് പി സി തോമസ് ലക്ഷ്യമിടുന്നത്.
എന്‍ഡിഎ മുന്നണിയില്‍ നിന്ന് പാര്‍ട്ടിക്കു വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയാണ് പി സി തോമസിനും, ഒപ്പമുള്ളവർക്കും ഉള്ളത്. റബ്ബർ ബോർഡ് ചെയർമാൻ സ്ഥാനം ഉൾപ്പടെ കർഷക പ്രാധാന്യമുള്ള 6 ബോര്‍ഡ് കളിൽ അര്‍ഹമായ സ്ഥാനം നല്‍കാമെന്ന് 2018ൽ അമിത് ഷാ – പി സി തോമസ് വിഭാഗത്തിതിന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ 2 വർഷമായിട്ടും ഉറപ്പ് പാലിച്ചില്ല. ഇക്കാര്യം തോമസ് എന്‍ഡിഎ നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഇതടക്കമുള്ള കാര്യങ്ങളിൽ എന്‍.ഡി.എയിൽ തുടരുന്നതിനോട് പാർട്ടി നേതൃത്വത്തിൽ അതൃപ്തിയുണ്ടെന്ന് പി സി തോമസ് ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.
ജോസ് കെ. മാണിയുടെ കേരള കോണ്‍ഗ്രസ് (എം) യുഡിഎഫ് വിട്ടതും പി.സി. തോമസും കൂട്ടരും യുഡിഎഫ് പ്രവേശനത്തിനു താത്പര്യം പ്രകടിപ്പിക്കാൻ കാരണമായിട്ടുണ്ട്. ഇതിനിടെ കേരള കോണ്‍ഗ്രസ്-എം ജോസഫ് വിഭാഗവുമായി ലയിക്കാനും PC തോമസ് ശ്രമം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യു ഡി എഫ് നേതാക്കളുമായി പിസി തോമസ് അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പിൽ പാലാ, പൂഞ്ഞാര്‍, കോതമംഗലം സീറ്റുകളില്‍ ഒന്നില്‍ മത്സരിക്കാനാണ് തോമസ് ലക്ഷ്യമിടുന്നതെന്നാണ് സൂചന.
പഴയ മൂവാറ്റുപുഴ പാര്‍ലമെന്‍റ് മണ്ഡലത്തിന്‍റെ ഭാഗമായ ഈ നിയമസഭാ മണ്ഡലങ്ങളില്‍ തോമസിനു വ്യക്തിബന്ധങ്ങളും സ്വാധീനവുമുണ്ട്.