ഞായറാഴ്ച വിളിപ്പിക്കാന്‍ പോലീസിന് ബോധമില്ലേയെന്ന് പി.സി ജോർജ്; പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് കാട്ടി കത്ത്

Jaihind Webdesk
Monday, May 30, 2022

 

കൊച്ചി: ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത് സൗകര്യമില്ലാത്തതിനാലെന്ന് പി.സി ജോർജ്. അവധി ദിവസമാണെന്നറിഞ്ഞും പൊലീസ് ഞായറാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടു. ഞായറാഴ്ച ദിവസം വിളിപ്പിക്കാൻ പൊലീസിന് ബോധമില്ലേയെന്നും ഹെലികോപ്റ്റർ വിളിച്ച് ഹാജരായാലോ എന്നുവരെ ആലോചിച്ചതാണെന്നും പി.സി ജോർജ് പറഞ്ഞു.

അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് കാട്ടി പി.സി ജോർജ് ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണർക്ക് കത്തയച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണോയെന്നതില്‍ പോലീസ് നിയമോപദേശം പിന്നാലെയാണ് പി.സി ജോർജ് കത്തയച്ചത്.

”പോലീസ് നാല് നോട്ടീസാണ് അയച്ചത്. എനിക്ക് വരാന്‍ കഴിയില്ലെന്ന് വളരെ വ്യക്തമായി മറുപടി നല്‍കിയിട്ടുണ്ട്. ഒരു പാര്‍ട്ടിയുടെ ചെയര്‍മാനാണ് ഞാന്‍. അന്നെങ്കിലും തൃക്കാക്കരയില്‍ പോയി സത്യം പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത് കാര്യം. മറ്റൊന്ന് ഇന്നലെ ഞായറാഴ്ചയാണ്. അതുകൊണ്ടാണ് വരാന്‍ പറ്റില്ലെന്ന് പറഞ്ഞത്. ഫോർട്ട്എസിയോട് മാത്രമല്ല ഏത് കോൺസ്റ്റബിനോടും സഹകരിക്കും’ – പി.സി ജോർജ് പറഞ്ഞു.

ജയിലിനകത്ത് കിടന്നപ്പോൾ ചോദ്യം ചെയ്യാമായിരുന്നില്ലേയെന്നും പി.സി ജോർജ് ചോദിച്ചു. അത്ര നിര്‍ബന്ധമാണെങ്കില്‍ ഇന്നലെ തന്നെ ഹെലികോപ്ടര്‍ എടുത്ത് പോകാന്‍ ഉദ്ദേശിച്ചതാണ്. പണം പോയാലും വേണ്ടിയില്ല നിയമം ലംഘിച്ചെന്ന് വേണ്ട. എന്തുവേണമെന്ന് ചോദിച്ച് പോലീസിനെ വിളിച്ചെങ്കിലും ഫോണെടുത്തില്ലെന്നും പി.സി ജോർജ് പറഞ്ഞു.