പിസി ജോർജ് ജയില്‍ മോചിതനായി; സ്വീകരിച്ച് ബിജെപി പ്രവർത്തകർ; മാധ്യമപ്രവർത്തകർക്ക് മർദ്ദനം

Jaihind Webdesk
Friday, May 27, 2022

 

തിരുവനന്തപുരം : വിദ്വേഷ പ്രസംഗക്കേസില്‍ ജയില്‍ മോചിതനായ പി.സി ജോര്‍ജിനെ സ്വീകരിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ക്യാമറാമാന്‍ എസ്.ആര്‍ അരുണിന് ചവിട്ടേറ്റു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം ദൗര്‍ഭാഗ്യകരമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ പ്രതികരിച്ചു.

പി.സി ജോര്‍ജ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം തേടുന്നതിനിടയില്‍ സ്വീകരണം നല്‍കാന്‍ എത്തിയ ബിജെപി പ്രവർത്തകർ മര്‍ദ്ദിക്കുകയായിരുന്നു. നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംഭവത്തില്‍ മര്‍ദ്ദനമേറ്റു. ചില നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിന്മാറിയില്ല. ഒടുവില്‍ പോലീസ് ഇടപെട്ടാണ് അക്രമിസംഘത്തെ അവിടെ നിന്ന് മാറ്റിയത്.

പി.സി ജോര്‍ജ് പുറത്തേക്ക് വരുന്നതറിഞ്ഞ് മകന്‍ ഷോണ്‍ ജോര്‍ജിന്‍റെ നിര്‍ദേശ പ്രകാരം പ്രധാനകാവടത്തിന്‍റെ വശത്ത് മാധ്യമപ്രവര്‍ത്തകര്‍ കാത്തു നില്‍ക്കുന്നതിനിടയിലാണ് മര്‍ദ്ദനം ഉണ്ടായത്. പിന്നില്‍ നിന്ന് തള്ളിക്കയറിയ ബിജെപി പ്രവര്‍ത്തകര്‍ ക്യാമറ ട്രൈപോഡ് ഉള്‍പ്പെടെ തള്ളിമറിച്ചിട്ടു. ഇത് ചോദ്യം ചെയ്തതോടെ മാധ്യമ പ്രവര്‍ത്തകരെ മൂന്നംഗ സംഘം മര്‍ദിക്കുകയായിരുന്നു. പിന്നീട് കൂടുതല്‍ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നെത്തി മാധ്യമ പ്രവര്‍ത്തകരെ അതിക്രൂരമായി മർദ്ദിച്ചു.  അതേസമയം മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയെന്നത് ജനാധിപത്യത്തിന് തന്നെ നാണക്കേടാണെന്ന് കെയുഡബ്ല്യുജെ വ്യക്തമാക്കി. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ വ്യക്തമാക്കി.