പീഡന പരാതിയില്‍ അറസ്റ്റിലായ പി.സി ജോർജിന് ജാമ്യം

Jaihind Webdesk
Saturday, July 2, 2022

തിരുവനന്തപുരം: പീഡന പരാതിയില്‍ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്ത മുന്‍ എംഎല്‍എ പി.സി ജോര്‍ജിന് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ദൈവത്തിന് നന്ദിയെന്നായിരുന്നു ജാമ്യം ലഭിച്ചതിന് ശേഷമുള്ള ആദ്യ പ്രതികരണം. കേസന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കുമെന്നും പി.സി ജോർജ് പ്രതികരിച്ചു.

ലൈംഗിക താത്പര്യത്തോടെ കടന്നുപിടിച്ചെന്ന സോളാര്‍ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്ന് ഉച്ചയോടെയാണ് പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. സ്വർണ്ണക്കടത്തില്‍ സ്വപ്‌നാ സുരേഷിന്‍റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ.ടി ജലീല്‍ നല്‍കിയ ഗൂഢാലോചനാ കേസില്‍ പി.സി ജോര്‍ജിനെ ഇന്നു ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തല്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പി.സി ജോര്‍ജും സ്വപ്‌നാ സുരേഷുമാണ് പ്രതികള്‍. കേസില്‍ പി.സി ജോർജിന്‍റെ ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെയാണ് പീഡന പരാതിയും പിന്നാലെ അറസ്റ്റും നടന്നത്. 354, 354 എ എന്നീ വകുപ്പുകളാണ് ജോര്‍ജിനെതിരെ ചുമത്തിയത്.

അതേസമയം അറസ്റ്റിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന ആരോപണവുമായി പി.സി ജോര്‍ജിന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു. എല്ലാം പിണറായിയുടെ കളിയാണെന്ന് പി.സി ജോർജിന്‍റെ ഭാര്യ ഉഷാ ജോർജ് പ്രതികരിച്ചു.   ഒരാഴ്ചയ്ക്കുള്ളില്‍ പിണറായി വിജയന്‍ ഇതിനെല്ലാം അനുഭവിക്കുമെന്നും ഉഷ മാധ്യമങ്ങളോട് പറഞ്ഞു.

ഒരുവിവാദത്തെ അടുത്ത വിവാദം കൊണ്ട് അടയ്ക്കുക എന്ന പിണറായിയുടെ തന്ത്രമാണിതെന്ന് പി.സി ജോർജിന്‍റെ മകന്‍ ഷോണ്‍ ജോർജ് പ്രതികരിച്ചു. ‘അറസ്റ്റ് ചെയ്തതില്‍ പ്രത്യേകിച്ച് ഞെട്ടലൊന്നും തോന്നിയില്ല. എകെജി സെന്‍റര്‍ ആക്രമിച്ച കേസില്‍ പ്രതിയെ കിട്ടാതെ സിപിഎം. തന്നെ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. നിയമസഭയും നടക്കുന്നു. നിരവധി ആരോപണങ്ങള്‍ മുഖ്യമന്ത്രിയും മകളും നേരിടുന്നു. അന്ധമായ പുത്രിവാത്സല്യം കാരണം പിണറായിക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നു. അപ്പോള്‍ സ്വാഭാവികമായും ഇതല്ല, ഇതിനപ്പുറവും സംഭവിക്കും. ഇതിനപ്പുറവുമുള്ള തിരക്കഥകള്‍ നാട്ടില്‍ നടക്കും’ – ഷോണ്‍ പറഞ്ഞു.