പി.സി. ജോര്‍ജിന് കഷ്ടകാലം തീരുന്നില്ല; തിടനാട് പഞ്ചായത്ത് പ്രസിഡന്റും അംഗവും പാര്‍ട്ടി വിട്ട് യു.ഡി.എഫില്‍ ചേര്‍ന്നു

Jaihind Webdesk
Tuesday, June 25, 2019

കോട്ടയം: ബി.ജെ.പിയുമായി സഖ്യം സ്ഥാപിച്ച പി.സി. ജോര്‍ജ്ജിന് വീണ്ടും തിരിച്ചടി. ബി.ജെ.പി ബാന്ധവത്തില്‍ പ്രതിഷേധിച്ച് ജനപക്ഷം ഭരിക്കുന്ന തിടനാട് പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡണ്ടും അംഗവും യു.ഡി.എഫിനോടൊപ്പം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റായ ലീന ജോര്‍ജും ഏഴാം വാര്‍ഡ് അംഗം മേഴ്സി ജോസഫുമാണ് ജനപക്ഷം വിട്ട് യു.ഡി.എഫിനോടൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചത്. മതനിരപേക്ഷ മൂല്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതുകൊണ്ടാണ് യുഡിഎഫിനൊപ്പം ചേര്‍ന്നതെന്ന് ഇരുവരും വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ് സെക്കുലര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഇരുവരും പാര്‍ട്ടിയുടെ പേര് മാറ്റിയപ്പോള്‍ ജനപക്ഷമാകുകയായിരുന്നു. ജനപക്ഷം ബി.ജെ.പിയുടെ ഘടകകക്ഷിയായതോടെയാണ് ഇരുവരും പാര്‍ട്ടി വിടാനും യു.ഡി.എഫിനോടൊപ്പം നില്‍ക്കാനും തീരുമാനിച്ചത്. കേരള കോണ്‍ഗ്രസിലെയും കോണ്‍ഗ്രസിലെയും 2 പേരുടെ വീതവും ജനപക്ഷത്തിലെ 4 പേരുടെയും പിന്തുണയോടെയാണ് ലീന ജോര്‍ജ് പ്രസിഡന്റായത്.