‘ശമ്പളം കൊടുത്തിട്ട് ചര്‍ച്ചയ്ക്ക് വിളിക്കൂ’; കെഎസ്ആർടിസി വിഷയത്തില്‍ വിമർശനവുമായി ഹൈക്കോടതി

Jaihind Webdesk
Wednesday, August 17, 2022

കൊച്ചി: കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം വൈകുന്നതില്‍ കടുത്ത അമര്‍ഷവുമായി ഹൈക്കോടതി. ശമ്പളം കൊടുത്തിട്ട് തൊഴിലാളികളെ ചര്‍ച്ചയ്ക്ക് വിളിക്കൂ എന്ന് ഹൈക്കോടതി പറഞ്ഞു. ഡ്യൂട്ടി പരിഷ്കരണത്തില്‍ കോടതി തീരുമാനമെടുക്കുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസിയുടെ ആസ്തികള്‍ ഉപയോഗപ്പെടുത്തിയെങ്കിലും തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കണമെന്ന് കോടതി നിർദേശിച്ചു. ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. ഹര്‍ജി ഈ മാസം 24 ന് വീണ്ടും പരിഗണിക്കും.

ശമ്പള കാര്യത്തിൽ ഹൈക്കോടതിക്ക് നൽകിയ വാക്ക് പാലിക്കാൻ ആവാത്ത മാനേജ്മെന്‍റിനേയും സർക്കാരിനെയും രൂക്ഷമായ ഭാഷയിലാണ് കോടതി കഴിഞ്ഞ ദിവസം വിമർശിച്ചത്. ജൂലൈ മാസത്തെ ശമ്പളം നൽകാനായി 10 ദിവസം കൂടി സാവകാശം വേണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ബുധനാഴ്ച കെഎസ്ആർടിസി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. അതും പാലിക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ ഇന്നത്തെ രൂക്ഷ വിമര്‍ശനം

അതേസമയം കെഎസ്ആർടിസി തൊഴിലാളി യൂണിയനുകളുമായി തൊഴിൽ-ഗതാഗതമന്ത്രിമാർ ഇന്ന് നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിൽ യൂണിയനുകളുമായി സമവായത്തിലെത്താനായില്ല. 60 വർഷം മുമ്പത്തെ നിയമം വെച്ച് സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് യൂണിയനുകൾ അറിയിച്ചു. ഓവർടൈം കണക്കാക്കി വേതനം നൽകണമെന്ന നിർദേശത്തിലും തീരുമാനമായില്ല. ശമ്പളം കൃത്യമായി നൽകുന്നതിലും തീരുമാനമായില്ല. ഭൂരിഭാഗം തൊഴിലാളികള്‍ക്കും ജൂലൈ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ല. നാളെ വീണ്ടും ചർച്ച നടക്കും.