പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച പതിനെട്ടുകാരനെ ക്രൂരമായി കൊലപ്പെടുത്തി ; തീവ്ര ഹിന്ദു സംഘടനയിലെ ആറ് പേര്‍ അറസ്റ്റില്‍

പാറ്റ്ന : ബിഹാറില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത കൗമാരക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ആറ് പേർ അറസ്റ്റില്‍. പ്രതികള്‍ തീവ്രഹിന്ദുത്വ സംഘടനയിലെ അംഗങ്ങളാണെന്ന് പൊലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം അക്രമികള്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. കൂടുതല്‍ പേർക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ഫുല്‍വാരി ഷരീഫ് പൊലീസ് അറിയിച്ചു. പ്രതികളിപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്.

ഫുല്‍വാരി ഷരീഫ് പ്രദേശത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത ആമിർ ഹൻസ്‌ല എന്ന പതിനെട്ടുകാരനെയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. ഡിസംബർ 21 ന് നടന്ന പ്രതിഷേധ സമരത്തില്‍ പങ്കെടുത്തതിന് പിന്നാലെ ഹൻസ്‌ലയെ കാണാതാവുകയായിരുന്നു. പത്ത് ദിവസങ്ങള്‍ക്ക് ശേഷം ആമിറിന്‍റെ മൃതദേഹം ഫുല്‍വാരി ഷരീഫ് ബ്ലോക്ക് ഓഫീസിന് അടുത്തുള്ള വാട്ടർ ടാങ്കിന് സമീപം അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂർച്ചയുള്ള ആയുധം കൊണ്ട് വയറ്റില്‍ രണ്ട് തവണ കുത്തേറ്റതായും ഭാരമുള്ള വസ്തു കൊണ്ട് തലയ്ക്ക് അടിയേറ്റതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. അഴുകി വികൃതമായ നിലയിലായിരുന്നു മൃതദേഹം. അതിനാല്‍ മറ്റ് പരിക്കുകള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല.

നാഗേഷ് സമ്രാട്ട്, റയിസ് പസ്വാന്‍, ചയ്തു മഹ്തോ, സനോജ് മഹ്തോ, വികാസ്, ദീപക് കുമാർ എന്നിവരെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഹിന്ദു പുത്ര സംഗാതന്‍ എന്ന തീവ്ര ഹിന്ദു സംഘടനയുടെ ദേശീയ പ്രചാരകാണ് നാഗേഷ് സാമ്രാട്ട്. മറ്റ് പ്രതികള്‍ ഹിന്ദു സമാജ് പാർട്ടിയിലെയും പ്രവര്‍ത്തകരാണ്.  ഹിന്ദു പുത്ര സംഗാതന്‍ ഉള്‍പ്പെടെ 18 ഹിന്ദു സംഘടനകളുടെ വിശദാംശങ്ങള്‍ ബിഹാര്‍ പൊലീസിന്‍റെ സ്പെഷ്യല്‍ ബ്രാഞ്ച് കഴിഞ്ഞ വർഷം മേയില്‍ ശേഖരിച്ചിരുന്നു. പറ്റ്നയിലും ഹാജിപൂരിലുമായി ഇതിനോടകം നിരവധി കേസുകള്‍ ഹിന്ദു പുത്ര സംഗാതനിലെ അംഗങ്ങള്‍ക്കെതിരെ നിലനില്‍ക്കുന്നുണ്ട്.

ആമിർ ഹൻസ്‌ലയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് :

 

biharCAAAmir Hanzla
Comments (0)
Add Comment