ഇടതുമുന്നണിയിലെ തമ്മിലടി ബഹിഷ്കരണത്തിലേക്ക്; പത്തനംതിട്ട എല്‍ഡിഎഫില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സിപിഐ തീരുമാനം

 

പത്തനംതിട്ട : പത്തനംതിട്ടയിൽ ഇടതുമുന്നണിയിൽ ഭിന്നത രൂക്ഷം. ജില്ലയിലെ എൽഡിഎഫ് പരിപാടികൾ ബഹിഷ്‌കരിക്കാൻ സിപിഐ തീരുമാനിച്ചു. കൊടുമണ്ണിൽ സിപിഐ നേതാക്കളെ മർദ്ദിച്ച സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള സിപിഐ തീരുമാനം.

കൊടുമൺ അങ്ങാടിക്കലിൽ ഒരാഴ്ചക്കാലം നീണ്ടു നിന്ന സിപിഐ-സിപിഎം സംഘർഷത്തിന് പരിഹാരം കാണാൻ ജില്ലാ നേതാക്കൾ ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു. ഉഭയകക്ഷി ചർച്ചകളിലെ വ്യവസ്ഥകൾ സിപിഎം പാലിക്കുന്നില്ലെന്നാണ് സിപിഐയുടെ ആരോപണം. കുറ്റക്കാരായ ഡിവൈഎഫ്‌ഐ, സിപിഎം പ്രവർത്തകർക്കെതിരെ നടപടിയെടുക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഉറപ്പ് നൽകിയിരുന്നു. എന്നാൽ ചർച്ച നടന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും പ്രതികളായ ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ യാതൊരു നടപടിയും എടുക്കാത്തതാണ് സിപിഐയെ ചൊടിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗമാണ് തീരുമാനമെടുത്തത്. ഇനിയും സിപിഎമ്മിന്‍റെ വാക്ക് വിശ്വസിക്കേണ്ടതില്ലെന്നാണ് സിപിഐ തീരുമാനം. സിപിഎം നേതാക്കൾ പങ്കെടുക്കുന്ന രാഷ്ട്രീയ പരിപാടികളിലും പൊതുസമ്മേളനങ്ങളിലും സിപിഐ ഇനി സഹകരിക്കില്ല. ജില്ലയിൽ നടക്കുന്ന സിപിഎമ്മിന്‍റെ പ്രധാനപ്പെട്ട പരിപാടികളിലൊന്നും തന്നെ പങ്കെടുക്കേണ്ടെന്നും മുന്നണി യോഗത്തിൽ നിന്ന് വിട്ടുനിൽക്കാനുമാണ് സിപിഐ ജില്ലാ നേതൃത്വത്തിന്‍റെ തീരുമാനം.

Comments (0)
Add Comment