ഗുജറാത്തില്‍ 3000കോടി രൂപ മുടക്കി സ്ഥാപിക്കുന്ന സര്‍ദാര്‍ വലഭഭായ് പട്ടേല്‍ പ്രതിമയ്ക്ക് കീഴില്‍ ആര്‍ എസ് എസിനെ നിരോധിച്ചു കൊണ്ട് അദ്ദേഹം പുറത്തിറക്കിയ ഉത്തരവ് കൂടി കൊത്തിവെയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ. ദേശീയ നേതാക്കളെ ഒന്നൊന്നായി ബിജെപി അപഹരിക്കുകയാണെന്ന ആരോപണം നേരത്തെ തന്നെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു.
1948 ലാണ് ആര്‍എസ്എസിനെ നിരോധിച്ചു കൊണ്ട് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന പട്ടേല്‍ ഉത്തരവിറക്കുകയും നിരോധിക്കുകയും ചെയ്തത്. നാഥുറാം ഗോഡ്സെ ഗാന്ധിജിയെ വെടി വെച്ച് കൊന്നതിന് പിന്നാലെ ആയിരുന്നു ഈ ഉത്തരവ്. ഇത് കൂടി പ്രതിമയ്ക്ക് കീഴില്‍ കൊത്തിവെയ്ക്കുന്നത് നന്നായിരിക്കുമെന്നും രാജ്യത്തിന്‍റെ ആദ്യ ആഭ്യന്തരമന്ത്രി ‘അവരെ’ കുറിച്ച് എന്താണ് ചിന്തിച്ചിരുന്നതെന്ന് ജനങ്ങളോട് പറയാന്‍ ഇതിലൂടെ കഴിയുമെന്ന് സംഘടനയുടെ പേര് പരാമര്‍ശിക്കാതെ തന്നെ ആനന്ദ് ശര്‍മ്മ പറഞ്ഞു. സ്വന്തമായി നായകന്‍മാരില്ലാത്തതു കൊണ്ടാണ് അവര്‍ പട്ടേലിന്‍റെ പ്രതിമ സ്ഥാപിക്കുന്നത്. അതും ‘മെയ്ഡ് ഇന്‍ ഇന്ത്യ’ അല്ല ചൈനീസ് നിര്‍മ്മിതം.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ഗുജറാത്തിലെ വഡോദരയില്‍ സ്ഥാപിക്കാനായി 3000 കോടി രൂപ മുടക്കി പ്രതിമയുടെ നിര്‍മ്മാണം തുടങ്ങിയത്. ഈ മാസം 31 ന് ഇതിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്നാണ് അറിയിപ്പ്.