ലക്ഷദ്വീപില്‍ പട്ടേലിന്‍റെ അടുത്ത നീക്കം ; കപ്പല്‍ ജീവനക്കാരുടെ നിയമന കരാര്‍ ഷിപ്പിംഗ് കോര്‍പറേഷന് കൈമാറുന്നു

Jaihind Webdesk
Thursday, May 27, 2021

ലക്ഷദ്വീപ് ജനതയ്ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന കരിനിയമങ്ങള്‍ക്കെതിരെ വ്യാപകപ്രതിഷേധം ഉയരുമ്പോഴും കൂടുതല്‍ നിയന്ത്രണങ്ങളും പരിഷ്കാരങ്ങളുമായി അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍. ലക്ഷദ്വീപ് ഡെവലപ്മെന്‍റ് കോർപറേഷൻ ലിമിറ്റഡിന്‍റെ (എൽഡിസിഎൽ) കപ്പൽ വിഭാഗത്തിന്‍റെ അധികാരങ്ങൾ എടുത്തുമാറ്റി ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്ക് കൈമാറാനാണ് നീക്കം.

പുതിയ നീക്കം പ്രാവര്‍ത്തികമാകുന്നതോടെ കപ്പലുകളിലേക്കുള്ള ജീവനക്കാരെ നിയമിക്കാനുള്ള കരാർ ഇനി മുതല്‍ ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് ആയിരിക്കും. 20 വർഷമായി കപ്പൽ വിഭാഗത്തിന്‍റെ നിയമനം ഉൾപ്പടെയുള്ള ഉത്തരവാദിത്തങ്ങൾ ലക്ഷദ്വീപ് ഡെവലപ്മെന്‍റ് കോർപറേഷൻ ലിമിറ്റഡിന് ആയിരുന്നു. അടുത്ത ആറ് മാസത്തിനുള്ളില്‍ നിലവിലെ ജീവനക്കാരുടെ വിവരങ്ങളെല്ലാം ഷിപ്പിംഗ് കോര്‍പറേഷന് കൈമാറണം. ഇവരുടെ കാര്യത്തിലും തീരുമാനം ഷിപ്പിംഗ് കോര്‍പറേഷന്‍റേതാവും.

പുതിയ നടപടിയിലും ജീവനക്കാര്‍ ആശങ്കാകുലരാണ്. 800ലേറെ ജീവനക്കാരാണ് നിലവില്‍ ദ്വീപിലെ കപ്പലിലും ബാര്‍ജിലും സ്പീഡ് വെസലുകളിലുമായി ജോലി നോക്കുന്നത്. നിയമനങ്ങള്‍ സംബന്ധിച്ച തീരുമാനം ഷിപ്പിംഗ് കോര്‍പറേഷന്‍ ഏറ്റെടുക്കുന്നതോടെ ജോലി നഷ്ടമാകുമോ എന്ന ആശങ്കയും ഇവരിലുണ്ട്. നിരവധി മലയാളികളും ദ്വീപിലെ കപ്പലിലും മറ്റുമായി ജോലി നോക്കുന്നുണ്ട്.