‘പട്ടേലിന്‍റെ പരിഷ്കാരങ്ങള്‍ പിന്‍വലിക്കണം’ ; കേന്ദ്രത്തിന് കത്തയച്ച് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

Jaihind Webdesk
Tuesday, May 25, 2021

ലക്ഷദ്വീപിന് അനുയോജ്യമല്ലാത്തതും ദ്വീപിലെ ജനങ്ങളുടെ സമാധാന ജീവിതത്തെ അലോസരപ്പെടുത്തുന്നതുമായ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ പരിഷ്കാരങ്ങള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന്എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കത്ത് നല്‍കി.

കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറഞ്ഞ പ്രദേശമായ ലക്ഷദ്വീപിലെ ജനങ്ങള്‍ വളരെ സമാധാന പ്രിയരും യാതൊരു പ്രശ്നങ്ങളുമുണ്ടാക്കാതെ സ്വൈര്യജീവിതം നയിച്ചുവരുന്നവരുമാണ്. രാജ്യസുരക്ഷയില്‍ നിര്‍ണ്ണായകമായ പ്രദേശമാണ് ലക്ഷദ്വീപ്. ദ്വീപ് നിവാസികള്‍ ദേശീയതാല്പര്യവും ദേശസുരക്ഷയും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവരും ജീവിതം നയിക്കുന്നവരുമാണ്. ലക്ഷദ്വീപിനെ സംബന്ധിച്ച് ആവശ്യമില്ലാത്തതും പ്രായോഗികമല്ലാത്തതുമായ നിയമങ്ങള്‍ നടപ്പിലാക്കി ജനങ്ങളുടെ സമാധാന ജീവിതത്തെ നശിപ്പിക്കുന്നതും ദ്വീപില്‍ അസ്വസ്ഥതയുടെ കാലാവസ്ഥ ജനിപ്പിക്കുന്നതും അതീവ ഗൗരവമുളളതാണ്.

ദ്വീപ് നിവാസികളുടെ പരമ്പരാഗതമായ ജീവിത രീതിയിലും ഭക്ഷണക്രമത്തിലും ഇടപെടുന്നവിധമുളള നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കുന്നതും ജനങ്ങളില്‍ ഭീതിജനകമായ മാനസികാവസ്ഥ ജനിപ്പിക്കുന്നതും ഗൗരവതരമാണ്. ദ്വീപിലെ ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടിട്ടുളള പ്രതിഷേധം മുഖവിലക്കെടുക്കുകയും അടിയന്തരമായി പ്രശ്നപരിഹാരം ഉണ്ടാക്കുകയും വേണം.  പ്രയോഗികമല്ലാത്തതും അനാവശ്യവുമായ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്നും പിന്തിരിയുന്നതിന് ശക്തമായ ഇടപെടല്‍ നടത്തണമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.