അവര്‍ക്ക് സ്വന്തമായി സ്വാതന്ത്ര്യ സമര പോരാളി ഇല്ലല്ലോ? സര്‍ദാര്‍ പട്ടേലിനെ ആദരിക്കാന്‍ അദ്ദേഹത്തിന്റെ ശത്രുക്കള്‍ നിര്‍ബന്ധിതരാകുന്നു; ബി.ജെ.പിയുടെ സര്‍ദാര്‍ അനുസ്മരണത്തെക്കുറിച്ച് പ്രിയങ്ക ഗാന്ധി

Jaihind Webdesk
Thursday, October 31, 2019

ആര്‍.എസ്.എസിനെ നിരോധിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിനെ ബി.ജെ.പിയുടെ വിഗ്രഹമാക്കിമാറ്റാനുള്ള നെട്ടോട്ടത്തിലാണ് മോദിയും ബി.ജെ.പിയും. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളുമുണ്ട്. ഇപ്പോള്‍ ബി.ജെ.പിയുടെ അവസരവാദപരമായ പട്ടേല്‍ പ്രേമത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് സ്വന്തമായി സ്വാതന്ത്ര്യ സമര പോരാളിയില്ലാത്തതുകൊണ്ടാണ് അവര്‍ കോണ്‍ഗ്രസിന്റെ അടിയുറച്ച പ്രവര്‍ത്തകനായിരുന്ന വല്ലഭായ് പട്ടേലിനെ ആദരിക്കാന്‍ നിര്‍ബന്ധിതരാകുന്നതെന്ന് പ്രിയങ്ക ചൂണ്ടികാട്ടി.

‘കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങളില്‍ വിശ്വസിച്ചിരുന്ന അടിയുറച്ച കോണ്‍ഗ്രസുകാരനായിരുന്നു സര്‍ദാര്‍ വല്ലഭായ് പട്ടേല്‍. അദ്ദേഹം ജവഹര്‍ലാല്‍ നെഹ്റുവുമായി അടുത്ത ബന്ധമുണ്ടായിരുന്ന വ്യക്തിയും തികഞ്ഞ ആര്‍.എസ്.എസ് വിരുദ്ധനുമായിരുന്നു’, പ്രിയങ്കാഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ‘സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ സന്ദര്‍ഭോചിതമായി ഉപയോഗിക്കാനും അദ്ദേഹത്തെ ആദരിക്കാനും ബി.ജെ.പി തയ്യാറാവുന്നത് എനിക്ക് സന്തോഷമുണ്ടാക്കുന്നുണ്ട്. കാരണം ഇതില്‍നിന്നും രണ്ട് കാര്യമാണ് വ്യക്തമാവുന്നത്, ഒന്ന്, അവര്‍ക്ക് സ്വന്തമായി അവകാശപ്പെടാന്‍ ഒരു സ്വാതന്ത്ര്യ സമര പോരാളിയുമില്ല. രണ്ട്, സര്‍ദാര്‍ പട്ടേലിനെ ആദരിക്കാന്‍ അദ്ദേഹത്തിന്റെ ശത്രുക്കള്‍ നിര്‍ബന്ധിതരാവുന്നു’, പ്രിയങ്ക ട്വീറ്റ് ചെയ്തു. വല്ലഭായ് പട്ടേലും ജവഹര്‍ലാല്‍ നെഹ്റുവും ഒരുമിച്ചുള്ള ഫോട്ടോയും പങ്കുവച്ചായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
രാഷ്ട്രീയ ഏക്താ ദിനമായി രാജ്യമൊട്ടാകെ സര്‍ദാര്‍ ജന്മദിനം ആഘോഷിക്കാനാണ് പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും ആവശ്യപ്പെട്ടിരിക്കുന്നത്.