യാത്രക്കാരെ മര്‍ദിച്ച സംഭവം: തെളിവെടുപ്പ് പൂര്‍ത്തിയായി; സുരേഷ് കല്ലടയ്ക്ക് ക്ലീന്‍ ചിറ്റില്ല

യാത്രക്കാരെ മർദിച്ച സംഭവത്തിൽ കല്ലട ബസ് ഉടമ സുരേഷ് കല്ലടയ്ക്ക് ക്ലീന്‍ ചിറ്റ് നൽകില്ലെന്ന് പൊലീസ്. സുരേഷ് കല്ലടയ്ക്കെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്ന് തൃക്കാക്കര എ.സി.പി പറഞ്ഞു. കേസിൽ തെളിവെടുപ്പ് പൂർത്തിയായി. യാത്രക്കാരെ മര്‍ദിച്ചതിന് അറസ്റ്റിലായ സുരേഷ് കല്ലട ബസിലെ ജീവനക്കാരെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. സംഭവം നടന്ന കൊച്ചി വൈറ്റിലയിലെ സുരേഷ് കല്ലട ഓഫീസിന് സമീപത്തായിരുന്നു തെളിവെടുപ്പ്. പ്രതികളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് ബസിന്‍റെ പെർമിറ്റും ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു.

കല്ലട ബസ് ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ച കേസിലെ പ്രതികളെ എഴുപേരെയും കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. യാത്രക്കാരെ ആക്രമിച്ച വൈറ്റിലയിലെ സുരേഷ് കല്ലട ഓഫീസിന് സമീപത്തായിരുന്നു തെളിവെടുപ്പ്. അന്വേഷണ ചുമതലയുള്ള തൃക്കാക്കാര അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രതികളെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. അക്രമത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി ഇരകളായവരുടെ മൊഴിയുണ്ട്. ഇവർ ആരൊക്കെ എന്നത് സംബന്ധിച്ചും പ്രതികളിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നാലിനാണ് സുരേഷ്‌ കല്ലട കമ്പനിയുടെ ബസിൽ ബംഗളുരുവിലേക്ക് പുറപ്പെട്ട യാത്രക്കാരെ, ജീവനക്കാർ ബസിൽ കയറി ക്രൂരമായി മർദിച്ചത്. വഴിയിൽ കേടായ ബസിന് പകരം ബസ് ആവശ്യപ്പെട്ടതായിരുന്നു കാരണം. അതേസമയം കല്ലട ബസില്‍ യാത്രക്കാരെ ജീവനക്കാര്‍ മര്‍ദിച്ച കേസില്‍ ബസിന്‍റെ പെര്‍മിറ്റും ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കാനുള്ള നടപടികള്‍ മോട്ടോര്‍ വാഹനവകുപ്പ് ആരംഭിച്ചു.

സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ബസുടമ കല്ലട സുരേഷിനും പ്രതികളും ഡ്രൈവര്‍മാരുമായ കോയമ്പത്തൂര്‍ നാച്ചിപാളയം സ്വദേശി കുമാര്‍, പോണ്ടിച്ചേരി സ്വദേശി അന്‍വര്‍ എന്നിവര്‍ക്കും എറണാകുളം ആര്‍.ടി.ഒ നോട്ടീസ് അയച്ചു. അഞ്ച് ദിവസത്തിനകം ഹാജരാകണമെന്നും പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നുമാണ് സുരേഷിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. പ്രതികളായ രണ്ടു ഡ്രൈവര്‍മാരും പോലീസ് കസ്റ്റഡിയിലാണ്. ഉടമയും ഡ്രൈവര്‍മാരും ഹാജരായി വിശദീകരണം നല്‍കിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് എറണാകുളം ആര്‍ടിഒ പറഞ്ഞു.

suresh kalladakallada bus
Comments (0)
Add Comment