കൊവിഡ് മഹാമാരി ഭീഷണിക്കിടെ 500 പേരെ പങ്കെടുപ്പിച്ച് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടത്താനുള്ള നീക്കത്തിനെതിരെ വിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത്. 500 പേര് അത്ര കൂടുതല്‍ അല്ലെന്ന് കരുതരുതെന്നും കൊവിഡ് ഭീഷണി ശക്തമായി നിലനില്‍ക്കുകയാണെന്നത് കണക്കിലെടുക്കുമ്പോള്‍ ഇത് തികച്ചും തെറ്റായ നീക്കമാണെന്നും പാര്‍വ്വതി ട്വീറ്റ് ചെയ്തു.
സത്യപ്രതിജ്ഞക്കായി ഉള്ള 500പേര് അത്ര കൂടുതലല്ല എന്ന് കണക്കാക്കരുത്. കേസുകള്‍ ഇപ്പോഴും കൂടിവരികയാണെന്നും നമ്മള് കൊവിഡ് പ്രതിരോധത്തിന്റെ അവസാന ഘട്ടത്തിലല്ലെന്നും കണക്കിലെടുക്കുമ്പോള്‍, ഇത് തികച്ചും തെറ്റായ നടപടിയാണ്. നിലവിലെ സാഹചര്യത്തില്‍ വെര്‍ച്വല്‍ സത്യപ്രതിജ്ഞയിലൂടെ മാതൃകയാവാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പാര്‍വതി അഭ്യര്‍ത്ഥിച്ചു.
സത്യപ്രതിജ്ഞ മെയ് 20ന് മൂന്നര മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി അറിയിച്ചത്. 500 പേരെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുപ്പിക്കും. 500 വലിയ സംഖ്യയല്ലെന്നും അസാധാരണ സാഹചര്യമായതിനാലാണ് അസാധാരണ തീരുമാനം വേണ്ടിവരുന്നതെന്നുമാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം. ജനത്തെ തടവിലാക്കുകയും അതേസമയം കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് സത്യപ്രതിജ്ഞാച്ചടങ്ങ് നടത്താനുമുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.