പെരിയ ഇരട്ടക്കൊലക്കേസ് : ക്രൈംബ്രാഞ്ചിന് വിട്ടേക്കും; പ്രതികള്‍ ആദ്യം ഒളിച്ചത് പാർട്ടി ഓഫീസിൽ; ഇന്ന് കൂടുതൽ അറസ്റ്റ്

Jaihind Webdesk
Thursday, February 21, 2019

Periya-Murdercase

പെരിയ ഇരട്ടക്കൊലപാതകം ക്രൈംബ്രാഞ്ചിന് വിട്ടേക്കും. സിബിഐ അന്വേഷണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് നീക്കം. അതേസമയം അറസ്റ്റിലായ സജി ജോർജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊലപാതകത്തിന് ശേഷം പ്രതികൾ ആദ്യമെത്തിയത് പാർട്ടി ഓഫീസിലെന്ന് മൊഴി. കൂടുതൽ അറസ്റ്റിന് സാധ്യത.

പെരിയ ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ മുന്‍ സിപിഎം ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരന്‍ ഉള്‍പ്പെടെ നാലുപേര്‍ സംഭവശേഷം ആദ്യമെത്തിയതു പാര്‍ട്ടി ഓഫീസിലെന്ന് റിപ്പോര്‍ട്ട്. ചട്ടംചാലിനടുത്തെ ഓഫീസിലാണു മണിക്കൂറോളം ഇവര്‍ ചെലവഴിച്ചത്. ഇതു സംബന്ധിച്ച് കസ്റ്റഡിയിലുള്ളവര്‍ അന്വേഷണസംഘത്തിനു നല്‍കിയ മൊഴിയില്‍ പറയുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കൊല നടത്തിയ ശേഷം പാര്‍ട്ടി ഓഫീസില്‍ എത്തിയ സംഘം തിങ്കളാഴ്ച പുലർച്ചെ വരെ അവിടെയുണ്ടായിരുന്നുവെന്നും ബാക്കിയുള്ളവര്‍ ഞായറാഴ്ച രാത്രി പ്രദേശത്തെ മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളിലേയ്ക്ക് മാറി താമസിച്ചുവെന്നുമാണ് വിവരം.

നേരംപുലര്‍ന്നതോടെ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെ എല്ലാവരേയും രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. ജില്ലയിലെ പാര്‍ട്ടിയുടെ സ്വാധീനമേഖലയിലായിരുന്നു പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കിയത്. ദേശീയ പാത ഒഴിവാക്കി മറ്റു വഴികളിലൂടെയാണ് ഇവരെ ഒളിസങ്കേതത്തില്‍ എത്തിച്ചതെന്നും കസ്റ്റഡിയിലുള്ളവര്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. പിന്നീടു നേതാക്കള്‍ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പീതാംബരന്‍ ഉള്‍പ്പെടെയുള്ളവരെ സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു.