ജി സുധാകരനെതിരെ പാർട്ടി അന്വേഷണം ; രണ്ടംഗ കമ്മീഷനെ നിയോഗിച്ചു

Jaihind Webdesk
Saturday, July 10, 2021

മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരനെതിരെ പാർട്ടി അന്വേഷണം. അമ്പലപ്പുഴില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിന് വീഴ്ച വരുത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം നടത്തുന്നത്. എളമരം കരീമും കെ ജെ തോമസും ചേർന്ന രണ്ടംഗ കമ്മീഷനെയാണ് പാർട്ടി ഇതിനായി നിയോഗിച്ചിരിക്കുന്നത്. സിപിഎം സംസ്ഥാന സമിതിയുടേതാണ് തീരുമാനം. പാർട്ടി യോഗത്തില്‍ നിന്ന് സുധാകരന്‍ വിട്ട് നിന്നു. പാലാ കൽപറ്റ തോൽവികളിലും അന്വേഷണം നടത്തും.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചതിന്‍റെ പേരിലാണ് സുധാകരന്‍ പ്രചരണ രംഗത്ത് പ്രവർത്തിക്കാത്തതെന്നും അത് പാർട്ടിക്ക് ക്ഷീണമായെന്നുമാണ് കഴിഞ്ഞ യോഗത്തിലടക്കം ഉയർന്ന വിമർശനം. പാർട്ടിയില്‍ ഉയർന്ന വിമർശനങ്ങളെ പറ്റി മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ഒന്നും പറയാനില്ലെന്നും തന്നെ ഇനിയും കുത്തി നോവിക്കരുത് എന്നായിരുന്നു സുധാകരന്‍ പ്രതികരിച്ചത്.